ലണ്ടന്‍- യുഎഇയില്‍ നിന്നു നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് -ലണ്ടന്‍ രാജ്യാന്തര വിമാന റൂട്ടാണ് ബ്രിട്ടന്‍ നിരോധിക്കുന്നത്. മലയാളികളടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണിത്. യുഎഇ, ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുകെ ഉള്‍പ്പെടുത്തി.
വെള്ളിയാഴ്ച മുതല്‍ എല്ലാ യുകെ വിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതില്ലെന്നും കമ്പനികളെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. യുഎഇയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാരോട് നാട്ടിലെത്തണമെങ്കില്‍ നേരിട്ടല്ലാത്ത റൂട്ടുകള്‍ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ക്ക് പത്ത് ദിവസം നിര്‍ബന്ധിത ഹോംക്വാറന്റീനുണ്ട്.പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കയിലാണ് യാത്രാ വിലക്ക്. പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കില്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്കും ബ്രിട്ടനില്‍ സ്ഥിരതാമസ അവകാശമുള്ളവര്‍ക്കും ഇളവുണ്ടാകും. എന്നാല്‍ പത്തു ദിവസം ഐസൊലേഷനില്‍ ഇരിക്കണമെന്നും യുകെ ഗതാഗത മന്ത്രി വ്യക്തമാക്കി.യാത്രാനിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദര്‍ശക വിസ സൗജന്യമായി തന്നെ നീട്ടി നല്‍കുമെന്ന് യുഎഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ അടുത്ത കുറച്ച് ദിവസങ്ങളിലായി കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.