പാരിസ്- പുരുഷന്‍മാരുടെ ബീജത്തിന്റെ ഗുണമേന്മയെ കോവിഡ് ബാധിക്കുമെന്നും ഇത് പ്രത്യുല്‍പ്പാദന ശേഷി കുറക്കുമെന്നും പുതിയ പഠനം. ബീജ കോശങ്ങളെ കൊറോണ വൈറസ് രോഗം നിര്‍വീര്യമാക്കുമെന്നും പ്രത്യുല്‍പ്പാദന ശേഷിയെ ദോശകരമായി ബാധിക്കുന്ന മറ്റു പാര്‍ശ്വഫലങ്ങള്‍ക്കും ഇതു കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. പരീക്ഷണാര്‍ത്ഥം ശേഖരിച്ച തെളിവുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിനാണ് ഈ നിഗമനം. ഗവേഷണ പ്രസിദ്ധീകരണമായ റിപ്രൊഡക്ഷനില്‍ ഈ പഠന പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമെന്നത് സംബന്ധിച്ച ആദ്യ തെളിവുകളാണ് ഈ കണ്ടെത്തലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേസമയം പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കാനുള്ള കൊറോണ വൈറസിന്റെ ശേഷി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഈ പുതിയ പഠന റിപോര്‍ട്ടിനോട് പ്രതികരിച്ച വിദഗ്ധര്‍ പറയുന്നു. കോവിഡ് പ്രധാനമായും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്, പ്രത്യേകിച്ച് പ്രായമായവരിലും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും. ശ്വാസ കോശത്തിലൂടെ പിന്നീട് വൃക്കകളേയും ആമാശയത്തേയും ഹൃദയത്തേയും കോവിഡ് ബാധിക്കും. ഇത് പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന അവയവങ്ങളേയും ബിജ കോശ വളര്‍ച്ചയേയും ബാധിക്കും. പ്രത്യുല്‍പ്പാദന ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് നേരത്തെ നടന്ന പഠനങ്ങള്‍ പറയുന്നു. വൈറസ് ശ്വാസകോശത്തിലെത്തുന്ന വഴി പുരുഷബീജ ഗ്രന്ഥിയിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ പ്രഭാവം പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ എത്രത്തോളം ബാധിക്കുമെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.