ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. കോവിഡ് പ്രതിരോധത്തിനുള്ള കര്‍ശന പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തിയാണ് സമ്മേളനം. തിങ്കളാഴ്ചയാണ് കേന്ദ്ര ബജറ്റ് അവതരണം. ഏപ്രില്‍ ആദ്യം വാരം വരെ നീളുന്ന ബജറ്റ് സമ്മേളനം കര്‍ഷക സമരങ്ങളുടെ പേരില്‍ പ്രക്ഷുബ്ധമായേക്കും. പാര്‍ലമെന്റില്‍ കൂടുതല്‍ ചര്‍ച്ചകളില്ലാതെ പാസാക്കിയെടുത്ത വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങളും രണ്ടു മാസത്തിലേറേയായി ഇതിനെതിരെ കര്‍ഷകര്‍ നടത്തി വരുന്ന സമരവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും. സമരം ചെയ്യുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗം ബഹിഷ്‌ക്കരിക്കും.
കോവിഡിനെ തുടര്‍ന്ന് വര്‍ഷക്കാല സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ശേഷം നടക്കേണ്ട ശീതകാല സമ്മേളനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടാക്കിയിരുന്നു. വര്‍ഷക്കാല സമ്മേളനത്തില്‍ ഒഴിവാക്കിയ ചോദ്യോത്തര വേള പുനസ്ഥാപിച്ചു. വാരാന്ത്യ ദിവസങ്ങളില്‍ സമ്മേളനം ഉണ്ടാകില്ല.