ന്യൂദല്‍ഹി-കൊറോണ വൈറസിന്റെ പുതിയ വകഭേദം മൂലമുണ്ടാകുന്ന രോഗബാധിതരുടെ എണ്ണം യുകെയില്‍ വര്‍ധിച്ച് വരുന്നതിനാല്‍ ഇന്ത്യ -യുകെ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണം ഫെബ്രുവരി 14 വരെ നീട്ടി. കഴിഞ്ഞ വർഷം ഡിസംബര്‍ 22 മുതല്‍ ഇന്ത്യ-യുകെ വിമാനങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 6ന് നിയന്ത്രണങ്ങളോടെ സര്‍വീസ് പുനരാരംഭിച്ചു.
യാത്രാ നിയന്ത്രങ്ങളെന്നാല്‍ പൂര്‍ണമായ യാത്രാവിലക്കല്ല. പക്ഷെ വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ആഴ്ചയില്‍ 30 വിമാന സര്‍വീസുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. അതില്‍ 15 എണ്ണം ഇന്ത്യന്‍ വിമാനങ്ങളും 15 എണ്ണം ബ്രിട്ടീഷ് വിമാനങ്ങളുമായിരിക്കും. ഇപ്പോള്‍ ബ്രിട്ടനിലേക്ക് മുംബൈ, ഹൈദരബാദ്, ബംഗളുരു, എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് മാത്രമേ സര്‍വീസ് അനുവദിച്ചിട്ടുള്ളു.