ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരക്കാര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി സഹയാത്രികനും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിനെതിരേയും ദല്‍ഹി പോലീസ് കേസെടുത്തു. കര്‍ഷകരുടെ റാലിക്കിടെ സംഘര്‍ഷമുണ്ടാക്കിയതിന് ഉത്തരവാദി ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. സംഘര്‍ഷം ഇളക്കിവിടുകയും ചെങ്കോട്ടയില്‍ ഇരച്ചു കയറി അവിടെ സിഖ് മത പതാക നാട്ടിയതിനു പിന്നിലും സിദ്ദുവാണെന്ന് ഒരു വിഭാഗം കര്‍ഷക നേതാക്കള്‍ പറയുന്നു. വിഘടനവാദികളോടുള്ള ചായ്‌വ് മൂലം സിദ്ദുവിനെ മാസങ്ങള്‍ക്കു മുമ്പ് തന്നെ സംയുക്ത കിസാന്‍ മോര്‍ച്ച ബഹിഷ്‌ക്കരിച്ചതാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
ദീപ് സിദ്ദു കര്‍ഷക സമരം തകര്‍ക്കാനിറങ്ങിയതാണെന്ന് വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു. കര്‍ഷക സമര വേദികളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് ഡിസംബറില്‍ സിദ്ദുവിനെ കര്‍ഷക നേതാക്കള്‍ വിലക്കിയിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സി്ദ്ദുവിന്റെ ശ്രമമെന്നും ഇതു സംശയകരമാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സജീവ രംഗത്തുണ്ടായിരുന്ന ആളാണ് സിദ്ദു. ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ബിജെപി നേതാക്കളോടും കൂടെ നില്‍ക്കുന്ന ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
സമാധാനപരമായി നടക്കുന്ന കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ദീപ് സിദ്ദു സമരക്കാര്‍ക്കൊപ്പം ഇറങ്ങിയതെന്നും കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു. ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര ബജറ്റ് അവതരണ ദിവസമായ ഫെബ്രുവരി ഒന്നിന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന മാര്‍ച്ചും പിന്‍വലിച്ചു.