Sorry, you need to enable JavaScript to visit this website.

സമരം തുടരുമെന്ന് കർഷകർ; രണ്ടു സംഘടനകൾ പിന്മാറി

ന്യൂദൽഹി- റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്തെ ഇളക്കിമറിച്ച അക്രമങ്ങൾക്കു പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്ന് കർഷകർ. കർഷക സമരത്തെ തകർക്കാൻ സമരത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗത്തെ കൂട്ടു പിടിച്ച് സർക്കാർ തന്നെ ആസൂത്രണം ചെയ്ത അക്രമമാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. അക്രമത്തിന് പിന്നിൽ അങ്ങേയറ്റം വൃത്തികെട്ട ഗൂഢാലോചനയാണ് നടന്നത്. സമാധാനപരമായി നടന്നു വരുന്ന കർഷക സമരത്തിന്റെ പ്രതിച്ഛായ തകർക്കാനായിരുന്നു ശ്രമം. ഗൂഢാലോചനയിൽ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി എന്ന സംഘടനയും ഉൾപ്പെട്ടിട്ടുണ്ടെന്നും സംയുക്ത കിസാൻ മോർച്ച വിശദീകരിച്ചു.
ട്രാക്ടർ റാലിക്ക് മുൻ നിശ്ചയിച്ചിരുന്ന റൂട്ടിൽ മാറ്റം വരുത്തിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ്. അവർ സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമല്ല. അവർ എന്തിനാണ് വഴി മാറി ചെങ്കോട്ടയിലേക്ക് പോയതെന്നു വ്യക്തമല്ലെന്നും സംയുക്ത കിസാൻ മോർച്ച അംഗം പരംജീത് സിംഗ് പറഞ്ഞു. ഭൂരഹിതരായ കർഷക തൊഴിലാളികളുടെ സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് സമിതി ദൽഹി അതിർത്തിയിൽ പ്രത്യേകം വേദിയിലാണ് സമരം ചെയ്തിരുന്നത്. 
അതിനിടെ, റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗാസിപ്പൂർ അതിർത്തിയിൽ സമരം ചെയ്തിരുന്ന ഓൾ ഇന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റി, ചില്ല അതിർത്തിയിൽ സമരം ചെയ്തിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) എന്നീ സംഘടനങ്ങൾ സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായി പ്രധാന സമരം നയിക്കുന്ന സംഘടനകൾക്ക് ഒപ്പമല്ലാതെ പ്രത്യേകമായിട്ടായിരുന്നു ഇവർ പ്രതിഷേധിച്ചിരുന്നത്.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തുമായി ഒത്തു പോകാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് പിൻവാങ്ങുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി മുൻ കൺവീനറും രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ പ്രസിഡന്റുമായ സർദാർ വി.എം സിംഗ് പറഞ്ഞു. എന്നാൽ, സമരത്തിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിക്കാൻ വി.എം സിംഗിന് അധികാരമില്ലെന്ന് എ.ഐ.കെ.എസ്.സി.സി ദേശീയ ജനറൽ സെക്രട്ടറി അവിക് സാഹ പറഞ്ഞു. സംഘടന സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു പിന്നാലെ തന്റെ പ്രസ്താവന തിരുത്തി രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ മാത്രമാണ് സമരത്തിൽ നിന്നു പിൻമാറുന്നതെന്ന് വ്യക്തമാക്കി.
നിലവിലെ സമരത്തിൽ നിന്നു പിൻവാങ്ങുന്നു. പക്ഷേ, സമരം തങ്ങൾ തുടരും. പക്ഷേ, ഇപ്പോഴത്തെ രീതിയിലായിരിക്കില്ല എന്നാണ് വി.എം സിംഗ് പറഞ്ഞത്. അതിന് പിന്നാലെ ദൽഹി ചില്ല അതിർത്തിയിൽ സമരം ചെയ്തിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗും സമരത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങളിൽ അതീവ ഖേദമുണ്ടെന്നും സമരത്തിൽ നിന്നു പിൻമാറുകയാണെന്നുമാണ് ഭാനു പ്രതാപ് സിംഗ് പറഞ്ഞത്. 
എന്നാൽ, ഈ രണ്ടു സംഘടനകളും ദൽഹി അതിർത്തികളായ സിംഗ്, തിക്രി അതിർത്തികളിൽ സമരം ചെയ്യുന്ന സുപ്രധാന കർഷക സംഘടനകളുടെ ഭാഗമല്ല. പ്രധാനമായും സമരം ചെയ്യുന്ന കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ സംയുക്ത മോർച്ചയുടെ ഭാഗമായി സമരം ചെയ്യുന്നവരുമല്ല ഇവർ. 
താങ്ങുവിലയ്ക്ക് വേണ്ടി സമരത്തിന് വന്നവരാണ് തങ്ങൾ. അക്രമം തങ്ങളുടെ രീതിയല്ല. പ്രതിഷേധത്തിനിടെ അക്രമത്തിന് പ്രേരിപ്പിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ച അക്രമങ്ങളെ പാടേ അപലപിക്കുന്നു. ട്രാക്ടർ റാലിയുടെ റൂട്ട് മാറ്റി പോയവർ ശിക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. സമരത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം തുടരനാകില്ല. ചില ആളുകൾ സമാധാനപരമായി സമരം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അവരോടൊപ്പം തുടരാൻ കഴിയില്ല. മറ്റു ലക്ഷ്യങ്ങൾ വെച്ചു സമരം ചെയ്യുന്നവർക്ക് ഒപ്പം ഇരിക്കാനാകില്ല. അതിനാൽ സമരത്തിൽ നിന്നു പിൻവാങ്ങുകയാണെന്നാണ് വി.എം സിംഗ് വ്യക്തമാക്കിയത്.
കാർഷിക നിയമത്തിൽ കർഷക സംഘടന പ്രതിനിധികളുമായി നടക്കുന്ന ചർച്ച തുടരാൻ സന്നദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെയും വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും പരിേശാധിക്കാൻ തയാറാണ്. നിയമം ഒന്നര വർഷം മരവിപ്പിക്കാനും ഒരുക്കമാണ്. എന്നാൽ, കർഷകർ അക്കാര്യം നിഷേധിക്കുകയായിരുന്നു. എങ്കിലും ചർച്ച തുടരാൻ തയാറാണെന്നാണ് കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്. ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറിയതും സിഖ് പതാക ഉയർത്തിയതും ഉൾപ്പടെയുള്ള സംഭവങ്ങൾക്ക് പിന്നാലെ ബജറ്റ് ദിനത്തിൽ നടത്താനിരുന്ന പാർലമെന്റ് മാർച്ച് കർഷക സംഘടനകൾ റദ്ദാക്കി. 
അക്രമവുമായി ബന്ധപ്പെട്ട് ദൽഹി പോലീസ് കേസെടുത്തവരിൽ പ്രധാന കർഷക നേതാക്കളും പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. യോഗേന്ദ്ര യാദവ്, രാകേഷ് ടികായത്, ഡോ. ദർശൻ പാൽ, രജീന്ദർ സിംഗ്, ബൽബീർ സീംഗ് രാജേവാൾ, ബൂട്ടാ സിംഗ് ബുർഗിൽ, ജോഗീന്ദർ സിംഗ് എന്നിവരുടെ പേരുകളുമുണ്ട്. ട്രാക്ടർ റാലിക്ക് അനുമതി നേടിയെടുക്കാൻ ദൽഹി പൊലീസുമായി ചർച്ച നടത്തിയ നേതാക്കളാണ് ഇവർ. സംഘർഷമുണ്ടായത് ഇവർ കൂടി അറിഞ്ഞിട്ടാണെന്ന നിലപാടിലാണ് ദൽഹി പോലീസ്.    
 

Latest News