ബുറൈദ - കവർച്ച ലക്ഷ്യത്തോടെ ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരു ഇന്ത്യക്കാരനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത രണ്ടു സൗദി യുവാക്കളെ അൽഖസീമിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ളവരാണ് പിടിയിലായത്. ആടുകളെ മോഷ്ടിക്കാൻ വേണ്ടിയാണ് സംഘം ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തത്. അൽഖസീം പ്രവിശ്യയിൽ പെട്ട മരുഭൂ പ്രദേശത്തു വെച്ചാണ് ഇന്ത്യക്കാരായ ഇടയന്മാരെ സംഘം ആക്രമിച്ചത്. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ഇന്ത്യക്കാരെ സംഘം ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായ പരിക്കേറ്റ ഇന്ത്യക്കാരിൽ ഒരാൾ മരണപ്പെടുകയായിരുന്നു. കൃത്യത്തിനു ശേഷം 36 ആടുകളെ കവർന്ന് പ്രതികൾ രക്ഷപ്പെട്ടു.
ജനുവരി 24 നാണ് ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വെടിവെപ്പ് നടത്താൻ പ്രതികൾ ഉപയോഗിച്ച തോക്ക് സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.