ബെംഗളൂരു-ബെന്നാര്‍ഘട്ട ദേശീയപാര്‍ക്കില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അപ്പാര്‍ട്ട്‌മെന്റിനകത്ത് കണ്ടെത്തിയ പുലിക്കായി വനംവകുപ്പ് തിരച്ചില്‍ തുടരുന്നു. ഹുളിമാവ് തടാകത്തിന് സമീപത്തുള്ള എന്‍. ബേഗൂര്‍, കൊപ്പ പ്രദേശത്താണ് പുലിയെ കണ്ടത്. ശനിയാഴ്ച രാവിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ സി.സി.ടി.വി. യില്‍ പുലിയുടെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
പുലി റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യമാണ് ലഭിച്ചത്. ഇതിന് പിന്നാലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനുള്ളില്‍ പുലിയുടെ സാന്നിധ്യമുള്ള ദൃശ്യങ്ങളും പുറത്ത് വന്നു. ഇതോടെ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിച്ചു.ബെന്നാര്‍ഘട്ട ദേശീയ പാര്‍ക്കില്‍ നിന്നാകാം പുലിയെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രതപുലര്‍ത്തിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ പുലിയിറങ്ങിയിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി വിവിധ ഭാഗങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.