ന്യൂദൽഹി- വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്‌സോ സെക്ഷൻ 8ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവിനാണ് സ്‌റ്റേ. ബോബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്കാ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സെക്ഷൻ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ മാറിടത്തിൽ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി എ.ജിയോട് നിർദേശിച്ചു.
പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വിചാരണ കോടതി പോക്‌സോ സെക്ഷൻ 8, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിലെ ആരോപണവിധേയൻ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.