റിയാദ് - ബില്ലടക്കാത്തതിന് ആശുപത്രി അധികൃതർ നൽകിയ കേസ് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശി നാടണഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ സ്‌പോൺസർ പ്രവേശിപ്പിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പ്രദീപ് (56) ആണ് പീസ് ഇന്ത്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിയത്.
മൂന്നു ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രി അധികൃതർ പ്രദീപിനെ ഡിസ്ചാർജ് ചെയ്യുകയും 16,000 റിയാൽ ബില്ല് നൽകുകയും ചെയ്തു.
എന്നാൽ ഹൗസ് ഡ്രൈവർ വിസയിൽ സ്‌പോൺസറുടെ ലോൺട്രി കടയിൽ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തിന് ഇത്രയും വലിയ സംഖ്യ അടക്കാൻ സാധിക്കുമായിരുന്നില്ല. നെഞ്ച് വേദനക്ക് ശമനമില്ലാത്തതിനാൽ പിന്നീട് ശുമേസി കിംഗ് സൗദ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സ തേടി.
ഹൗസ് ഡ്രൈവർ വിസയായതിനാൽ അവിടെ സൗജന്യ ചികിത്സയിൽ ദിവസങ്ങളോളം കഴിഞ്ഞു. ഇതിനിടയിലാണ് ബില്ല് അടക്കാത്തതിനാൽ സ്വകാര്യ ആശുപത്രി കേസ് കൊടുത്ത വിവരം പ്രദീപ് അറിയുന്നത്. ഇഖാമ കാലാവധി അവസാനിക്കുകയും ഒപ്പം ഹുറൂബിലാകുകയും ചെയ്ത പ്രദീപിന് നാട്ടിൽ പോകണമെങ്കിൽ 16,000 റിയാൽ അടച്ച് ആശുപത്രി അധികൃതർ നൽകിയ കേസ് പിൻവലിക്കണമായിരുന്നു. എന്നാൽ ഭീമമായ ആശുപത്രി ബില്ല് ഒഴിവാക്കി കിട്ടാനുള്ള വഴി തേടി ലത്തീഫ് തെച്ചിയെയും ഷാനവാസ് രാമഞ്ചിറയെയും പ്രദീപ് സമീപിച്ചു.
ഇവർ ആശുപത്രി മാനേജ്‌മെന്റിനെ ബന്ധപ്പെട്ട് 6,000 റിയാലാക്കി കുറച്ചു. ഈ സംഖ്യ പീസ് ഇന്ത്യ സമാഹരിച്ചു നൽകുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് ലഭിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി ലത്തീഫ് തെച്ചിയും ഷാനവാസ് രാമഞ്ചിറയും അഷറഫ് ഗുരുവായൂരും കോടതിയെ സമീപിച്ചു.
മത്‌ലൂബ് നീക്കിയ രേഖകളുമായി ജവാസത്തിൽ പോയി എക്‌സിറ്റ് വാങ്ങുകയായിരുന്നു. അതോടൊപ്പം പീസ് ഇന്ത്യ പ്രവർത്തകർ സമാഹരിച്ച ടിക്കറ്റും പ്രദീപിന് കൈമാറി. കഴിഞ്ഞ ദിവസം എയർ ലങ്ക വിമാനത്തിൽ റിയാദിൽ നിന്നും പ്രദീപ് നാട്ടിലേക്ക് തിരിച്ചു.
ലത്തീഫ് തെച്ചിക്കും ഷാനവാസ് രാമഞ്ചിറക്കും ഒപ്പം പീസ് ഇന്ത്യ പ്രവർത്തകർ ഷാഹിദ് പൂവൻകാവിൽ, സജീർ വള്ളിയോത്ത്, സലീഷ് പേരാമ്പ്ര, ഹുസാം വള്ളികുന്നം, ഷറഫു മണ്ണാർക്കാട്, നിഷാദ് തഴവ, മൻസൂർ കാസർഗോഡ്, മുഹമ്മദ് ഷാഹിൻ, ഷിനു അലക്‌സ്, ഫക്രുദ്ദീൻ പെരിന്തൽമണ്ണ, ഇല്യാസ് കാസർഗോഡ്, ഇല്യാസ് പതിമംഗലം, ഫവാസ് പൂക്കയിൽ, വത്സൻ പുറമേരി, ബഷീർ പാണക്കാട് എന്നിവരും സഹായവുമായി കൂടെയുണ്ടായിരുന്നു.