ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് വഴി മാറിയതിന് കാരണം ദല്‍ഹി പോലീസാണെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍. സമരം പൊളിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്ത നാടകമാവാനും സാധ്യതയുണ്ട്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്ന് സംഘടനകള്‍ പറഞ്ഞു. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ ഇന്ന് യോഗം ചേരും. സംഘര്‍ഷത്തില്‍ ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ചില കര്‍ഷക സംഘടനകളുടെ ആരോപണം. കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ മാര്‍ച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘര്‍ഷത്തില്‍ സംഘടനകള്‍ക്ക് പങ്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.