കോഴിക്കോട്- ഇരകളുടെ പ്രതിഷേധം കൊണ്ട് വിവാദത്തിലായ ഗെയ്ല്‍ പൈപ്പ്ൈലന്‍ പദ്ധതിക്ക് അഖിേലന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പിന്തുണ. ലക്ഷകണക്കിന് ജനങ്ങള്‍ക്ക് വികസനം കൊണ്ടുവരാന്‍ വേണ്ടി പതിനായിരങ്ങള്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. ജനങ്ങള്‍ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചു നല്‍കുകയും വേണം. ഭൂമി നല്‍കില്ലെന്ന് പറഞ്ഞാല്‍ നാട്ടില്‍ വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടന്ന 'വികസനത്തിന്റെ ജനപക്ഷം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്ത് ഗെയ്ല്‍ പദ്ധതിമൂലം കേരളത്തിന് മികച്ച ഗുണം ലഭിക്കുമെന്നും നന്ദിഗ്രാമില്‍ സംഭവിച്ചതുപോലൊരു പിശക് ഇവിടെ ആവര്‍ത്തിക്കില്ലെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ പറഞ്ഞു. നന്ദിഗ്രാമില്‍ ഞങ്ങള്‍ക്ക് പിശകുപറ്റിയിട്ടുണ്ട്. അത് മനസ്സിലാക്കിത്തന്നെയാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഗെയ്ല്‍ പൈപ്പിടല്‍മൂലം ബുദ്ധിമുട്ടുള്ളവരുണ്ടാകാം. കേരളത്തിന്റെ ഊര്‍ജ ഉല്‍പാദനരംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി യാഥാര്‍ഥ്യ ബോധത്തോടെ പ്രശ്‌നം പരിശോധിച്ച് പരിഹാരം കാണുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ട്. ആവശ്യമായ നഷ്ടപരിഹാരം നല്‍കി ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആരെയും ശത്രുവായി കാണുന്നില്ലെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച് മുന്നേറുന്നതിന് സര്‍ക്കാറിന് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ജയരാജന്‍ പറഞ്ഞു.
ഇരകളില്ലാത്ത വികസനമാണ് നടത്തേണ്ടതെന്ന് ഇടതു ചിന്തകന്‍ ഡോ. ആസാദ് ചൂണ്ടിക്കാട്ടി. ആസൂത്രണത്തോടെയുള്ള വികസനമാണ് വേണ്ടത്. വികസനത്തിന്റെ ആദ്യപരിഗണന അവിടെയുള്ള സാധാരണ മനുഷ്യരാവണം. ഗെയ്ല്‍ പൈപ്പ് ലൈന്‍ പാത മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു