ലഖ്‌നൗ- എന്റെ ഭാര്യക്ക് വോട്ട് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ ഭവിഷ്യത്ത് നേരിടാൻ തയ്യാറാകുക. ഉത്തർപ്രദേശിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാവിന്റെ പ്രകോപന പ്രസംഗം. മുസ്്‌ലിം വോട്ടർമാരോടാണ് സംസ്ഥാനത്തെ രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിൽ ബി.ജെ.പി നേതാവ് രഞ്ജിത് കുമാർ ശ്രീവാസ്തവയുടെ ഭീഷണി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ദാര സിംഗ് ചൗഹാൻ, രാമപതി ശാസ്ത്രി എന്നിവരെ സ്റ്റേജിലിരുത്തിയാണ് ശ്രീവാസ്തവയുടെ ഭീഷണി.
ഇത് സമാജ് വാദി പാർട്ടി ഗവൺമെന്റല്ല. ഇവിടെ ഒരു നേതാവും നിങ്ങളെ സഹായിക്കാൻ എത്തില്ല. റോഡും അഴുക്കുചാലുകളുമെല്ലാം തദ്ദേശസ്ഥാപനങ്ങളാണ് നിർമ്മിക്കുന്നത്. ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന കഷ്ടങ്ങൾ സഹിക്കാനും നിങ്ങൾ തയ്യാറാകണം. സമാജ് വാദി പാർട്ടി നിങ്ങളെ സഹായിക്കാനെത്തില്ല. ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. വോട്ട് ചെയ്തില്ലെങ്കിൽ ഇതേവരെ അനുഭവിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറാകണം.
മുസ്്‌ലിംകളോടാണ് ഞാൻ പറയുന്നത്. ഞാൻ നിങ്ങളോട് യാചിക്കുകയല്ല. നിങ്ങൾ ബി.ജെ.പിക്ക് വോട്ടുചെയ്താൽ നിങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാം. അല്ലെങ്കിൽ, പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകുക. ശ്രീവാസ്തവ മുന്നറിയിപ്പ് നൽകി.
ശ്രീവാസ്തവയായിരുന്നു നേരത്തെ ഇവിടുത്തെ കൗൺസിലർ. വാർഡ് വനിതാസംവരണമായതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത്.