തിരുവനന്തപുരം-ഇന്ത്യയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 39.7% പേര്‍. പരിശോധനാ നിരക്കിലെ കുറവും കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജന്‍ പരിശോധനയില്‍ കേന്ദ്രീകരിക്കുന്നതും സാമൂഹിക അകലം ഉള്‍പ്പെടെ കാര്യങ്ങളിലെ അലംഭാവവുമാണു കേരളത്തിന്റെ വീഴ്ചകളെന്നാണു കേന്ദ്ര വിലയിരുത്തല്‍.നിലവിലെ അവസ്ഥയില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാപനം കുറയ്ക്കാന്‍ കേരളം ആദ്യഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇളവുകള്‍ നിയന്ത്രണം വിട്ടെന്നാണ് ആക്ഷേപം. രാജ്യത്താകെ പരിശോധന-സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 1.78 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ എത്തുന്നില്ല. പരിശോധനയില്‍ കേരളം പത്താം സ്ഥാനത്താണ്. സംസ്ഥാനത്തു 75% ആന്റിജനും 25% ആര്‍ടിപിസിആര്‍ പരിശോധനയുമാണു നടക്കുന്നത്. ആന്റിജന്‍ പരിശോധനാ ഫലം കൃത്യമല്ലെന്നതാണു പ്രധാന വെല്ലുവിളി.