Sorry, you need to enable JavaScript to visit this website.

പക്ഷാഘാതം ബാധിച്ച നവാസ് ഖാന്  നാടണയാൻ താങ്ങായി ബുറൈദ കെ.എം.സി.സി

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്ന നവാസ് ഖാനെ ആംബുലൻസിൽ റിയാദ് വിമാനത്താവളത്തിലെത്തിക്കുന്നു.

ബുറൈദ- പക്ഷാഘാതം ബാധിച്ച തിരുവനന്തപുരം സ്വദേശി നവാസ്ഖാന്  നാടണയാൻ ബുറൈദ കെ.എം.സി.സി പ്രവർത്തകനായ ഫൈസൽ ആലത്തൂർ, നൗഫൽ, മൻസൂർ, അമീർ എന്നിവർ സഹായകമായി. മുപ്പത് വർഷമായി ബുറൈദ അൽഅസിയ ബലദിയയിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം സ്വദേശി നവാസ് ഖാനെ ഏഴ് മാസങ്ങൾക്ക് മുമ്പാണ് പക്ഷാഘാതത്തെ തുടർന്ന് അൽ അസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. സർജറിക്കു ശേഷം വീണ്ടും അൽ അസിയ ആശുപത്രിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സ്ട്രക്ചർ സൗകര്യം ലഭിക്കാതിരുന്നതും കൊറോണ സാഹചര്യവും കാരണം യാത്ര വൈകുകയായിരുന്നു. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തന വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ നിരന്തര ഇടപെടലുകളാണ് നവാസ് ഖാന് കഴിഞ്ഞ ഞായറാഴ്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കിയത്. കൊല്ലം സ്വദേശികളായ നൗഫൽ, മൻസൂർ, അമീർ എന്നിവരും ഇദ്ദേഹത്തിന് സഹായവുമായി കൂടെയുണ്ടായിരുന്നു. ദീർഘകാലത്തെ ആശുപത്രി വാസത്തിൽ അൽ അസിയ ആശുപത്രിയിലെ നഴ്സിങ്ങ് സൂപ്രണ്ട് ഷീബയുടെ നേതൃത്വത്തിൽ മറ്റ് നഴ്‌സുമാരുടെ പരിചരണവും നവാസ് ഖാന് വളരെ ആശ്വാസമായിരുന്നു. ബലദിയ ഏർപ്പാടാക്കിയ ആംബുലൻസിലാണ് അൽ അസിയയിൽ നിന്നും റിയാദിലേക്ക് കൊണ്ടുപോയത്. 
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇദ്ദേഹത്തെ നേരെ അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

 



 

Latest News