Sorry, you need to enable JavaScript to visit this website.

മൊസാദ് കൊലയാളികള്‍ എത്തിയത് ബോസ്‌നിയക്കാരായി

ഗാസ സിറ്റി- തുനീഷ്യന്‍ എന്‍ജിനീയറും ഫലസ്തീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ  ഡ്രോണ്‍ വിദഗ്ധനുമായ മുഹമ്മദ് സാവാരിയെ കൊലപ്പെടുത്താന്‍ ഇസ്രായില്‍ ചാരന്മാര്‍  തുനീഷ്യയിലെത്തിയത് ബോസ്‌നിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കൊലപാതകത്തിന്റെ അന്വേഷണ വിശദാംശങ്ങള്‍ ഹമാസാണ് വെളിപ്പെടുത്തിയത്. 
കാറില്‍ പോകവെയാണ് അജ്ഞാതരായ തോക്കുധാരികള്‍ മുഹമ്മദ് സാവാരിയെ കൊലപ്പെടുത്തിയത്. ഇസ്രായിലാണ് കൊലപാതകത്തിനു പിന്നിലെന്ന് ഹമാസ് അന്നു തന്നെ ആരോപിച്ചിരുന്നു.
ഹമാസ് പ്രതിനിധി മഹുമ്മദ് നാസല്‍ വാര്‍ത്താ സമ്മേളനത്തിലാണ് അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 
എന്‍ജിനീയറെ കൊലപ്പെടുത്താന്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളാണ് ഇസ്രായില്‍ നടത്തിയിരുന്നത്. ബോസ്‌നിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തുനീഷ്യയില്‍ പ്രവേശിച്ച ഇസ്രായിലി ചാരന്മാര്‍ എന്‍ജിനീയറുടെ സമീപമെത്താന്‍ വാര്‍ത്താലഖേകരുടെ വേഷമാണ് അണിഞ്ഞത്.
2010 ല്‍ യു.എ.ഇയില്‍വെച്ച് ഹമാസ് നേതാവിനെ കൊലപ്പെടുത്താന്‍ എത്തിയ ഇസ്രായില്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാര്‍ ബ്രിട്ടീഷ്, ഐറിഷ്, ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിച്ചത്. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇസ്രായില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. 
തുനീഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ സഫക്‌സില്‍ കഴിഞ്ഞ വര്‍ഷം ഡിസം. 15-നാണ് 49 കാരനായ എന്‍ജിനീയര്‍ മുഹമ്മദ് സാവാരി കൊല്ലപ്പെട്ടത്.
 

Latest News