തിരുവനന്തപുരം- വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സോളാറും ശബരിമല സ്ത്രിപ്രവേശവും രാഷ്ട്രീയ ചർച്ചക്കൊരുങ്ങുന്നു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നേതൃത്വത്തിലേക്ക് വരുമെന്നുറപ്പായതോടെ സോളാർ കേസ് വീണ്ടും കുത്തിപ്പൊക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു. കേസ് സി.ബി. ഐക്ക് വിട്ടതോടെ സോളാർകേസ് വീണ്ടും രാഷ്ട്രിയ ചർച്ചയാകുകയാണ്.
ശബരിമല വിഷയത്തിൽ ഉണ്ടായ സുപ്രീംകോടതി വിധിയും തുടർന്ന് വിധി അടിച്ചേൽപിക്കാൻ സർക്കാർ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാൻ വിധിക്കെതിരേ നൽകിയ റിവ്യു ഹരജി ഉടൻ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹരജി നൽകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതോടെ ശബരിമലയും തെരഞ്ഞെടുപ്പ് വിഷയമാകുമെന്നുറപ്പായി.
എൽ.ഡി.എഫ് നീക്കത്തെ തടുക്കാൻ ശബരിമല സ്ത്രീ പ്രവേശവിഷയം തുറപ്പുചീട്ടാക്കിയാവും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ലാവ്‌ലിനും സ്വർണക്കടത്തുൾപ്പെടെയുള്ള അഴിമതിയും രംഗപ്രവേശം ചെയ്യും. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ശബരിമല വിഷയം വലിയനേട്ടമുണ്ടാക്കിയിരുന്നു. 20 ൽ 19 സീറ്റും യു.ഡി.എഫിന് ലഭിക്കാനിത് സഹായകരമായി.
സുപ്രീം കോടതിയിൽ യു.ഡി.എഫ് സർക്കാർ 2016 ൽസമർപ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991 ലെ വിധി, 1950 ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹരജിയാണ് നൽകേണ്ടതെന്ന് ഉമ്മൻ ചാണ്ടി ഓർമിപ്പിക്കുന്നു, 1950 ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിലെ വ്യവസ്ഥകൾക്കും 1991 ഏപ്രിൽ 5-ാം തീയതിയിലെ കേരള ഹൈക്കോടതിയുടെ മഹീന്ദ്രന് കേസിലെ വിധിന്യായവും പരിഗണിക്കാതെയാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാര വിശ്വാസങ്ങൾക്കെതിരേ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
2016 ഫിബ്രുവരി നാലിന് അന്നത്തെ യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മുലത്തിൽ 10 ും 50 ുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദർശനാനുമതി നൽകുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് ഹരജി നിലനിൽക്കില്ലെന്ന് ശക്തിയുക്തം വാദിച്ചിരുന്നു. എന്നാൽ ഹരജി വാദത്തിനുവന്നപ്പോൾ ഇടതു സർക്കാർ നിയമപരമായും വസ്തുതാപരമായുമുള്ള യാഥാർഥ്യങ്ങൾ വിസ്മരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായും 10 നും 50 നുമിടയിൽ പ്രായമുള്ള സ്തീകൾക്ക് ദർശനാനുമതി നൽകണമെന്ന നിലപാട് ഹരജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമമൊരു വിധി ഉണ്ടായത്.
കേസിൽ അയ്യപ്പ ഭക്തർക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാർക്കെതിരെ സമീപനം സ്വീകരിച്ചത് സർക്കാരിന്റെ സമ്മർദങ്ങൾ കൊണ്ടാണ്. 1991 ഏപ്രിൽ നാലിന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ 10 ും 50 ുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു ദർശനാനുമതി നിരോധിച്ചു കൊണ്ടുള്ള നടപടി ഭരണഘടനാ വ്യവസ്ഥക്ക് എതിരല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1950 ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ച് അയ്യപ്പ ക്ഷേത്രത്തിലെ ദൈനംദിന ആരാധന ആഘോഷങ്ങൾ ആചാരമനുസരിച്ചായിരിക്കണമെന്നും വ്യക്തമാണ്. ഇവ ഭരണഘടനാ വിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിക്കാത്തിടത്തോളം കാലം നിലനിൽക്കും. അയ്യപ്പക്ഷേത്രത്തിൽ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾക്ക് ദർശനാനുമതി നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസ്ഥ റദ്ദ് ചെയ്യുന്നതും അയ്യപ്പ വിശ്വാസികൾപോലുമല്ലാത്ത ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചതും നിയമപരമായി നിലനിൽക്കില്ല. ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ബാധകമല്ല. സുപ്രീംകോടതി വിധിയും പോലീസിനെ ഉപയോഗിച്ച് സർക്കാർ അതു നടപ്പാക്കാൻ നടത്തിയ ശ്രമങ്ങളും കേരളീയ സമൂഹത്തിനും അയ്യപ്പഭക്തർക്കും മേൽ ഏൽപ്പിച്ച മുറിവുണക്കാൻ ഇനിയും ഒട്ടും വൈകരുതെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.