ന്യൂദൽഹി- ഇക്കഴിഞ്ഞ 23ന് രാഷ്ട്രപതി അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം സംബന്ധിച്ച് വിവാദം. സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കിയെടുത്ത ചലച്ചിത്രത്തിൽ അഭിനയിച്ച നടന്റെ ചിത്രമാണ് രാഷ്ട്രപതി അനാഛാദനം ചെയതതെന്നാണ് ആരോപണം. ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജൻമ വാർഷികദിനത്തിൽ രാഷ്ട്രപതി അനാഛാദനം ചെയ്ത ഛായാചിത്രത്തെ ചൊല്ലി വിവാദം.
2019 ലിറങ്ങിയ സിനിമയിൽ പ്രൊസൻജിത് ചാറ്റർജിയാണ് നേതാജിയായി അഭിനയിച്ചത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി അനാഛാദനം ചെയ്തത് ഈ ചിത്രമാണെന്നാണ് ആരോപണം. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അനാഛാദന ചടങ്ങിന്റെ ചിത്രം രാഷ്ട്രപതി 23ന് പങ്കുവെച്ചിരുന്നു.
എന്നാൽ അസ്ഥാനത്തുള്ള വിവാദമാണിതെന്നാണ് ബിജെപി പ്രതികരിക്കുന്നത്. നേതാജിയുടെ കുടുംബം നൽകിയ ചിത്രം നോക്കി പ്രമുഖ ചിത്രകാരൻ പരേഷ് മെയ്തിയാണ് ചിത്രം വരച്ചതെന്നാണ് ബി.ജെ.പി പ്രതികരണം.