ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനം കാരണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ലക്ഷക്കണിക്ക് ആളുകളുടെ തൊഴിലും വരുമാനവുമാണ് നഷ്ടമായത്. എന്നാല്‍ ഇന്ത്യയിലെ കോടീശ്വരന്‍മാരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രമായി എന്ന് കണക്കുകള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് കോടീശ്വരന്‍മാരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് ഓക്‌സഫാം റിപോര്‍ട്ട് പറയുന്നു. 84 ശതമാനം സാധാരണക്കാരും ഏതെങ്കിലും തരത്തില്‍ വരുമാന നഷ്ടം നേരിട്ടപ്പോഴാണ് ഇത്. 2020 ഏപ്രിലില്‍ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേര്‍ക്കാണ് ജോലി നഷ്ടമായത്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണൊമിക് ഫോറം സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ഓക്‌സഫാമിന്റെ പുതിയ റിപോര്‍ട്ടിലെ കണക്കുകളാണിത്.
ലോക്ഡൗണ്‍ നടപ്പിലാക്കിയ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 100 കോടീശ്വരന്മാരുടെ വരുമാനം കുത്തനെ ഉയരുകയാണ് ചെയ്തത്. ഇവര്‍ വാരിക്കൂട്ടിയ സമ്പത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 13.8 കോടി ജനങ്ങള്‍ക്കു വീതംവച്ചാല്‍ ഒരാള്‍ക്ക് 94,045 രൂപ വരെ കിട്ടും. ഇത്രത്തോളം വലിയ വരുമാന അസമത്വമാണ് കോവിഡ് ഉണ്ടാക്കിയതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ ഉള്ള അസമത്വം വൈറസ് വ്യാപനത്തോടെ കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്തത്.
മഹാമാരിക്കാലത്ത് റിലയന്‍സ് മേധാവി മുകേഷ് അംബാനി ഒരു മണിക്കൂറില്‍ സമ്പാദിച്ച തുക നേടിയെടുക്കണമെങ്കില്‍ ഒരു സാധാരണ അവിദഗ്ധ തൊഴിലാളിക്ക് 10,000 വര്‍ഷം എല്ലുമുറിയെ പണിയെടുക്കേണ്ടി വരും. ഒരു സെക്കന്‍ഡില്‍ അംബാനി ഉണ്ടാക്കിയ പണം ഉണ്ടാക്കണമെങ്കില്‍ മൂന്ന് വര്‍ഷം വരെ തൊഴിലാളി പണിയെടുക്കേണ്ടി വരുമെന്നും റിപോര്‍ട്ടിലുണ്ട്.