തിരുവനന്തപുരം- ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സോളാർ കേസ് പ്രതി സരിത എസ് നായർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. സരിതക്ക് പുറമെ, രതീഷ്, സാജു എന്നിവർക്കെതിരെയാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് സരിതയും മറ്റു പ്രതികളും ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കെ.ടി.ഡി.സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. ഇരുപതോളം പേരാണ് സരിതയുടെ തട്ടിപ്പിന് ഇരയായത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.