ജോധ്പുർ- ഏതാണ് മതമെന്നു ചോദിച്ചപ്പോൾ ഇന്ത്യക്കാരനെന്ന് മറുപടി നൽകി ബോളിവുഡ് നടൻ സൽമാൻ ഖാൻ പ്രോസിക്യൂട്ടറെ ഞെട്ടിച്ചു. മാൻ വേട്ട കേസിൽ രാജസ്ഥാനിലെ ജോധ്പൂർ കോടതിയിൽ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടർ സൽമാനോടു മതം ഏതെന്നു ചോദിച്ചത്. നേരത്തെയും കോടതിയിൽ ഇതേ നിലപാടാണു സൽമാൻ സ്വീകരിച്ചിരുന്നത്. ഞാൻ സൽമാൻ ഖാൻ, ഞാനൊരു ഇന്ത്യക്കാരൻ എന്നാണ് 51-കാരനായ സൽമാൻ ഖാൻ കഴിഞ്ഞ വർഷം കോടതിയിൽ പ്രഖ്യാപിച്ചത്.
താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു. സെയ്ഫ് അലി ഖാൻ, തബു, സോനാലി ബെന്ദ്രേ, നീലം എന്നിവർക്കൊപ്പമാണു സൽമാൻ മൊഴി നൽകാനെത്തിയത്.
28 സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് സൽമാൻ ഖാനെ വിസ്തരിച്ചത്. സാക്ഷി മൊഴി നൽകിയവരിൽ മാനിനെ പുണ്യമൃഗമായി കരുതുന്ന ബൈഷ്‌ണോയി സമുദായക്കാരും ഉൾപ്പെടുന്നു.
1998 ഒക്ടോബർ ഒന്നിനു സൽമാനും സഹ താരങ്ങളുമടങ്ങുന്ന സംഘം ജോധ്പൂരിനു സമീപം കൺകാനി ഗ്രാമത്തിൽ മാനുകളെ വേട്ടയാടിയതിനായിരുന്നു ആദ്യത്തെ കേസ്. ഇതിനായി ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെ അനധികൃതമായി ആയുധം കൈവശം വെച്ചതിനും കേസെടുത്തു. മാൻ വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിൽ മറ്റൊരു കേസിൽ വിചാരണ നടക്കുകയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് 2006 ലും 2007 ലും ഏതാനും ദിവസങ്ങൾ സൽമാൻ ജയിലിൽ കഴിഞ്ഞിരുന്നു.