ജിദ്ദ - നഗരത്തിൽ സർവീസ് നടത്തുന്ന 4200 ടാക്‌സികൾ തടയാൻ മക്ക പ്രവിശ്യ ഗതാഗത മന്ത്രാലയ ഓഫീസ് സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങൾക്ക് ഗതാഗത മന്ത്രാലയം ചുമത്തിയ പിഴകൾ ഒടുക്കാത്തതിനാണ് വ്യക്തികൾക്കും കമ്പനികൾക്കും കീഴിലുള്ള ടാക്‌സികൾ വിലക്കുന്നത്.
ടാക്‌സി ഉടമകൾക്ക് ഗവൺമെന്റ് വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ഗതാഗത മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ് എന്നിവ അടക്കമുള്ള വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി തീരുമാനിച്ചതായി ട്രാഫിക് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പിഴകൾ ഒടുക്കുന്നതിനും നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണിത്.
ടാക്‌സി സേവനവുമായി ബന്ധപ്പെട്ട് 68 നിയമ ലംഘനങ്ങളാണ് നിയമത്തിലുള്ളത്. ഇതിൽ 11 നിയമ ലംഘനങ്ങൾക്ക് 5000 റിയാലാണ് കൂടിയ പിഴ. എട്ടു നിയമ ലംഘനങ്ങൾക്ക് 3000 റിയാലാണ് പിഴ ചുമത്തുക. ഏറ്റവും കുറഞ്ഞ പിഴ 500 റിയാലാണ്. 40 ഇനം നിയമ ലംഘനങ്ങൾക്കാണ് ഈ പിഴ ചുമത്തുക.
മക്ക പ്രവിശ്യയിൽ പഴകിപ്പൊളിഞ്ഞ ടാക്‌സികളും അപകടത്തിൽ സംഭവിച്ച തകരാറുകൾ നന്നാക്കാതെ സർവീസ് നടത്തുന്ന ലിമോസിനുകളും വിലക്കുന്നതിന് ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഇത്തരം ടാക്‌സികൾ പിടിച്ചെടുക്കുന്നതിന് സുരക്ഷാ വകുപ്പുകൾ പരിശോധന തുടരുകയാണ്. ഗതാഗത മന്ത്രാലയ നിയമങ്ങളും ട്രാഫിക് നിയമങ്ങളും ലംഘിച്ചതിന് ജിദ്ദയിൽ നിന്ന് ആയിരക്കണക്കിന് ടാക്‌സികൾ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.