റിയാദ് - സ്വകാര്യ മേഖലയിൽ സൗദികൾക്കും വിദേശികൾക്കും മിനിമം വേതനം നിശ്ചയിച്ചിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 1500 റിയാൽ വേതനത്തിന് സ്വകാര്യ മേഖലയിലെ തൊഴിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ സ്വകാര്യ മേഖലയിൽ മിനിമം വേതനം ബാധകമാക്കിയിട്ടുണ്ടോയെന്ന് മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് സ്വകാര്യ മേഖലയിൽ മിനിമം വേതനം നിശ്ചയിച്ചിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. സ്വകാര്യ മേഖലയിൽ മിനിമം വേതനം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി 2013 ഡിസംബറിൽ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദികളുടെ ശരാശരി വേതനം 7717 റിയാലും വിദേശികളുടെ ശരാശരി വേതനം 3855 റിയാലുമാണ്.