കോട്ടയം- കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ വിവാദ വലയത്തിലാക്കിയ സോളാർ രാഷ്ട്രീയ ചൂടിലേക്ക് വീണ്ടും കേരളം. യു.ഡി.എഫിനെ കനത്ത പരാജയത്തിലേക്ക് തള്ളിവട്ടതെന്നു കരുതുന്ന സോളാർ കേസ് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് ഇടതു സർക്കാർ. ലക്ഷ്യം ഉമ്മൻ ചാണ്ടിയാണെന്നു വ്യക്തം. അതും തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്. ലാവ്‌ലിൻ കേസിൽ ഇതേ വഴി സ്വീകരിച്ചത് ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ സർക്കാരായിരുന്നു. അതിന് ഒരു മധുരപ്രതികാരമായി ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നു. 2006 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ എസ്.എൻ.സി ലാവ്‌ലിൻ കേസ് സി.ബി.ഐക്കു വിട്ടിരുന്നു. രണ്ടു മാസത്തിനു ശേഷം അധികാരത്തിൽ വന്ന വി.എസ് അച്യുതാനനന്ദൻ സർക്കാർ അത് റദ്ദാക്കുകയും ചെയ്തു.
മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരായ പരാതിയിൽ കഴിഞ്ഞ ഡിസംബറിൽ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയതോടെ കേസ് സജീവമാകുമെന്ന സൂചന വ്യക്തമായിരുന്നു. ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയതിന് പരാതിക്കാരി രഹസ്യ മൊഴിയും നൽകി. അന്നത്തെ കോൺഗ്രസ് എം.എൽ.എയും നിലവിലെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ യു.ഡി.എഫ് ഭരണ കാലത്ത് തന്നെ പീഡന പരാതിയിൽ കേസെടുത്തിരുന്നു. പിന്നീട് 2018 ലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. ആ പരാതിയാണ് ഇപ്പോൾ സി.ബി.ഐയിലേക്ക് എത്തുന്നത്.
സൗരോർജ പദ്ധതിയുടെ പേരിൽ പലരിൽനിന്നും പണം തട്ടിയെന്ന റിപ്പോർട്ടുകളാണ് ഉമ്മൻ ചാണ്ടി സർക്കാരിനു മുന്നിൽ ആരോപണക്കടൽ തീർത്തത്. രണ്ടു കമ്പനി ഡയറക്ടർമാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് വീര്യം കൂടി. പരാതിക്കാരി ഉമ്മൻചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോഴ നൽകിയെന്ന് സോളാർ അന്വേഷണ കമ്മീഷനു മുന്നിൽ മൊഴിയും നൽകിയിരുന്നു.
സോളാർ കേസിലെ പ്രധാന സംഭവവികാസങ്ങളിലൂടെ:
2013 ജൂൺ 3: സോളാർ തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ്.നായർ പിടിയിൽ
2013 ജൂൺ 4: ടീം സോളാറിന്റെ പേരിൽ നടത്തിയ തട്ടിപ്പ് അന്വേഷിക്കാൻ കോടതി ഉത്തരവ്
2013 ജൂൺ 12: സരിത എസ്.നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു
2013 ജൂൺ 13: സോളാർ തട്ടിപ്പ് എ.ഡി.ജി.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം.
2013 ജൂൺ 14: ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെന്നി ജോപ്പൻ, ഗൺമാൻ സലിംരാജ് എന്നിവരെ മാറ്റി
2013 ജൂൺ 14: സരിത എസ്. നായർ തമിഴ്‌നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി
2013 ജൂൺ 15: പ്രതിപക്ഷം പ്രക്ഷോഭത്തിന്. കേസ് അന്വേഷിക്കാൻ എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചു
2013 ജൂൺ 16: ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു
2013 ജൂൺ 16: ബിജുവിന്റെയും സരിതയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്
2013 ജൂൺ 17: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നതുവരെ എല്ലാ പൊതു പരിപാടികളിലും ഉമ്മൻചാണ്ടിയെ ബഹിഷ്‌കരിക്കാൻ എൽ.ഡി.എഫ്. തീരുമാനം
2013 ജൂൺ 17: ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിൽ
2013 ജൂൺ 19: പി.ആർ.ഡി. ഡയറക്ടർ ഫിറോസിന് സസ്‌പെൻഷൻ
2013 ജൂൺ 20: മുഖ്യമന്ത്രിക്ക് വി.എസിന്റെ തുറന്ന കത്ത്
2013 ജൂൺ 26: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം ജിക്കുമോൻ ജേക്കബ് രാജിവെച്ചു
2013 ജൂൺ 28: മുഖ്യമന്ത്രിയുടെ മുൻ പി.എ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു
2013 ജൂൺ 29: മുഖ്യമന്ത്രിയുടെ ഓഫീസ് സോളാർ തട്ടിപ്പിന് ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ട്
2013 ജൂലായ് 1: മുഖ്യമന്ത്രിയുടെ പേര് ശ്രീധരൻ നായരുടെ പരാതിയിൽ വന്നതിനെച്ചൊല്ലി വിവാദം
2013 ജൂലായ് 2: ശ്രീധരൻ നായരുടെ പരാതിയിൽ കൃത്രിമം കാട്ടിയോയെന്ന് പരിശോധിക്കാൻ പ്രോസിക്യൂഷന്റെ അപേക്ഷ
2013 ജൂലായ് 2: ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു
2013 ജൂലായ് 3: ശ്രീധരൻ നായർ കോടതിയിൽ നൽകിയ പരാതിയിൽ പിന്നീട് മാറ്റം വരുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി
2013 ജൂലായ് 4: തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നാലു മന്ത്രിമാർ സരിത എസ്.നായരെ ഫോൺ ചെയ്തതിന്റെ രേഖകൾ പുറത്തുവന്നു
2013 ജൂലായ് 5: നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു
2013 ജൂലായ് 6: സോളാർ കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തയാറാകുന്നു
2013 ജൂലായ് 6: ശ്രീധരൻ നായർ കോടതിയിൽ രഹസ്യമൊഴി നൽകി
2013 ജൂലായ് 7: കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിനെതിരെ പ്രതിപക്ഷം.
2013 ജൂലായ് 8: മുഖ്യമന്ത്രിയെ നേരിട്ടു കണ്ടെന്നും അവസരമുണ്ടാക്കിയത് സരിതയെന്നും ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ.
2013 ജൂലായ് 8: മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജി സന്നദ്ധത അറിയിച്ചു. രാജി വേണ്ടെന്ന് യു.ഡി.എഫ്.
2013 ജൂലായ് 9: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പോലീസ് ഗ്രനേഡ് പ്രയോഗത്തെ തുടർന്ന് വി.എസിന് ദേഹാസ്വാസ്ഥ്യം
2013 ജൂലായ് 10: എൽ.ഡി.എഫ്. ഹർത്താൽ
2013 ജൂലായ് 12: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി പരിശോധന: സർക്കാർ നിർദേശം സി.പി.എം തള്ളി.
2013 ജൂലായ് 13: സോളാർ വിവാദത്തിന്റെ പേരിൽ സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം
2013 ജൂലായ് 16: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ ശ്രീധരൻ നായർക്കെതിരെയുള്ള ഫയലുകൾ കണ്ടെത്തി. അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കും
2013 ജൂലായ് 17: സരിതക്കും ബിജുവിനുമൊപ്പമാണ് ടെന്നി ജോപ്പൻ പ്രവർത്തിച്ചതെന്ന് സർക്കാറിനു വേണ്ടി അഡ്വ. ജനറൽ കെ.പി.ദണ്ഡപാണി കോടതിയിൽ
2013 ജൂലായ് 17: സരിതയെയും ബിജുവിനെയും കോടതിയിൽ ഹാജരാക്കി. ശാലു മേനോന്റെ ജാമ്യം സർക്കാറിന്റെ നിലപാടറിയാൻ മാറ്റി
2013 ജൂലായ് 18: മുൻ പി.ആർ.ഡി ഡയറക്ടർ ഫിറോസ് കീഴടങ്ങി
2013 ജൂലായ് 20: ടെന്നി ജോപ്പന് സെക്രട്ടേറിയറ്റിൽ വെച്ച് രണ്ടു ലക്ഷം നൽകിയെന്ന് സരിത
2013 ജൂലായ് 20: വധഭീഷണിയെന്ന് സരിത നായർ. രഹസ്യ വിവരങ്ങൾ കോടതിക്ക് കൈമാറി.
2013 ജൂലായ് 21: സരിതയും ശ്രീധരൻ നായരും കഞ്ചിക്കോട്ട് സ്ഥലം സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
2013 ജൂലായ് 23: സോളാർ കേസിൽ ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ചു
2013 ജൂലായ് 26: സരിതാ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
2013 ജൂലായ് 26: സോളാർ പരാതി ഒതുക്കാൻ യു.ഡി.എഫ് നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്‌തെന്ന് ആരോപണം
2013 ജൂലായ് 29: സരിത മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ ഉന്നതരുടെ പേരില്ല.
2013 ജൂലായ് 30: സരിതക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചു
2013 ഓഗസ്റ്റ് 12: ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു
2013 ഓഗസ്റ്റ് 13: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എൽ.ഡി.എഫ്. ഉപരോധം നിർത്തി
2013 ഓഗസ്റ്റ് 16: സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തിക്കാൻ മന്ത്രിസഭ തീരുമാനിച്ചു
2013 ഓഗസ്റ്റ് 17: സോളാർ: നിയമയുദ്ധം നടത്താൻ വി.എസ്. അച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അനുമതി
2013 ഓഗസ്റ്റ് 23: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം
2013 ഓഗസ്റ്റ് 30: ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കേണ്ടെന്ന് ഹൈക്കോടതി തീരുമാനിച്ചു
2013 സെപ്റ്റം. 2: ജുഡീഷ്യൽ അന്വേഷണ പരിധിയിൽ തന്നെയും തന്റെ ഓഫീസിനെയും ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു
2013 സെപ്റ്റം. 10: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് അറസ്റ്റിൽ
2013 സെപ്റ്റം. 12: പോലീസ് ഒത്താശയിൽ സരിതയും ബിജുവും കാഞ്ഞങ്ങാട്ടെ സർക്കാർ വിശ്രമ മന്ദിരത്തിൽ തങ്ങി
2013 ഒക്ടോ 9: ശ്രീധരൻ നായരുടെ പരാതിയിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു
2013 ഒക്ടോ 10: ജൂഡീഷ്യൽ അന്വേഷണത്തിന് പരിഗണിക്കേണ്ട വിഷയങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
2013 ഒക്ടോ 11: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ വഞ്ചനാ കുറ്റം നിലനിൽക്കില്ലെന്നും കോടതി
2013 ഒക്ടോ 21: സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം തള്ളി
2013 ഒക്ടോ 22: ശ്രീധരൻ നായരുടെ മൊഴിപ്പകർപ്പിന് വി.എസ്. കോടതിയെ സമീപിച്ചു
2013 ഒക്ടോ 23: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശിവരാജൻ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ
2013 ഒക്ടോ 23: ജയിലിലായിരിക്കേ സരിത പരാതിക്കാർക്ക് പണം നൽകിയതെങ്ങനെയെന്ന് കോടതി
2013 ഒക്ടോ 27: കണ്ണൂരിൽ ഇടതു മുന്നണി പ്രതിഷേധത്തിനിടെ കല്ലേറിൽ മഖ്യമന്ത്രിക്ക് പരിക്കേറ്റു
2013 ഒക്ടോ 29: ശ്രീധരൻ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം.
2013 നവം 1: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി നടത്തുന്ന രണ്ടാംഘട്ട സമരത്തിന് തുടക്കം
2013 നവം 12: സോളാർ കേസ് നടപടികൾ വിവാദമാക്കിയ മജിസ്‌ട്രേറ്റിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. വിശദീകരണം തേടി
2013 നവം 21: മന്ത്രിമാരും പ്രമുഖരും സരിതയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോ കൈയിലുണ്ടെന്ന് അഭിഭാഷകൻ
2013 നവം 26: മാധ്യമങ്ങൾക്ക് ബിജു രാധാകൃഷ്ണന്റെ തുറന്ന കത്ത്: സരിതയും ഗണേഷുമായുള്ള ബന്ധം എല്ലാം തകർത്തു.
2013 ഡിസം 10: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു
2013 ഡിസം 29: സോളാർ വിഷയത്തിൽ ക്ലിഫ് ഹൗസ് ഉപരോധമുൾപ്പെടെയുള്ള എല്ലാ സമരങ്ങളും അവസാനിപ്പിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു
2014 ജനു 2: സരിതാ നായർക്ക് തർക്കം തീർക്കാൻ പണം എവിടെ നിന്നെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി
2014 ജനു 7: സോളാർ തട്ടിപ്പ് വഴി ലഭിച്ച പണമെല്ലാം പ്രതികൾ ആർഭാട ജീവിതത്തിന് ഉപയോഗിച്ചെന്ന് പോലീസ് റിപ്പോർട്ട്
2014 ജനു 9: സരിതയ്ക്ക് ജയിലിൽ ബ്യൂട്ടീഷ്യനുണ്ടോയെന്ന് കോടതി. വിലകൂടിയ സാരികൾ ജയിലിനകത്ത് എങ്ങനെ ലഭിക്കുന്നുവെന്നും കോടതി
2014 ജനു 24: രശ്മി വധക്കേസ്: ബിജു രാധാകൃഷ്ണന് ജീവപര്യന്തം
2014 ഫെബ്രു 21: സരിതാ നായർ ജയിൽ മോചിതയായി
2014 മാർച്ച് 1: രശ്മി വധക്കേസ് മൂടിവെക്കുന്നതിൽ മുൻ എം.എൽ.എ ഐഷ പോറ്റി ബിജുവിനെ സഹായിച്ചതായി സരിത
2014 മാർച്ച് 3: ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനം തുടങ്ങി
2014 മാർച്ച് 3: എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ നിരന്തരം ശല്യം ചെയ്തതായും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത
2014 ഏപ്രിൽ 4: സോളാർ കേസ് സിബിഐ അന്വേഷണത്തിന് വി.എസ്. ഹൈക്കോടതിയിൽ ഹരജി നൽകി
2014 ഏപ്രിൽ 23: സരിത എസ്. നായർക്കും അഭിഭാഷകനും ഫോണിലൂടെ വധഭീഷണി
2014 ഏപ്രിൽ 28: സോളാർ ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി
2014 മെയ് 21: സോളാർ കേസ് വിവരങ്ങൾ വ്യക്തമായി ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് അറിയാമെന്ന് സരിത
2014 ജൂൺ 11: സരിത കേസ് കൈകാര്യം ചെയ്തതിൽ മജിസ്‌ട്രേറ്റ് എൻ.വി. രാജു ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി
2014 ജൂലായ് 4: സോളാർ ഇടപാടിൽ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ ഇല്ലെന്ന് സരിത അന്വേഷണ കമ്മീഷനോട്
2014 ജൂലായ് 16: സോളാറിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
2014 ജൂലായ് 26: സോളാർ കേസിൽ സരിതാ നായരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇടുക്കി ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്
2014 ഒക്ടോബർ 19: സോളർ കേസിൽ സരിത എസ്.നായർ തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി
2015 ഏപ്രിൽ ഏഴ്: സരിത പത്തനംതിട്ട ജയിലിൽ വെച്ചഴുതിയെന്ന് പറയുന്ന കത്ത് പുറത്ത്
2015 ജൂൺ 30: സോളാർ തട്ടിപ്പ് കേസിൽ പാർട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ കമ്മീഷന് മുൻപിൽ മൊഴി നൽകി
2015 ഒക്ടോബർ 13: സോളാർ കമ്മീഷന്റെ കാലാവധി ആറ് മാസം നീട്ടി 2016 ഏപ്രിൽ വരെയാക്കി
2015 ഡിസംബർ ഒന്ന്: സോളാർ കമ്പനി നടത്താൻ മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി ആര്യാടൻ മുഹമ്മദ്, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവർ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണന്റെ മൊഴി
2015 ഡിസംബർ നാല്: മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗിക ആരോപണ സി.ഡികൾ ഹാജരാക്കണമെന്ന് സോളാർ കമ്മീഷൻ. അതിന് മുൻപ് സർക്കാർ സി.ഡി പിടിച്ചെടുക്കരുതെന്നും കമ്മീഷൻ
2015 ഡിസംബർ 10: സി.ഡി പിടിച്ചെടുക്കാൻ പ്രത്യേക പോലീസ് സംഘം കോയമ്പത്തൂരിലേക്ക്
2015 ഡിസംബർ 12: സി.ഡി കണ്ടെത്താനുള്ള യാത്ര പോലീസും മാധ്യമങ്ങളും ആഘോഷമാക്കിയെന്ന് സോളാർ കമ്മീഷന്റെ വിമർശനം
2015 ഡിസംബർ 16: കമ്മീഷനെ മണ്ടനായി കാണരുതെന്ന് ജസ്റ്റിസ് ജി.ശിവരാജൻ
2016 ജനുവരി 14: പത്തനംത്തിട്ട ജയിലിൽ വെച്ചെഴുതിയ വിവാദ കത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കാൻ കഴിയില്ലെന്ന് സരിത എസ്.നായർ
2016 ജനുവരി 25: സോളാർ കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിസ്തരിക്കുന്നു
2016 ജനുവരി 25: എനിക്ക് കമ്പ്യൂട്ടറില്ല. ഓഫീസിലുള്ളത് ലൈവ് വെബ് ക്യാമറ. സരിതയെ മൂന്നു തവണ കണ്ടിരിക്കാം -മുഖ്യമന്ത്രി സോളർ കമ്മീഷനിലെ മൊഴി
2016 ജനുവരി 27: മുഖ്യമന്ത്രിക്ക് കോഴ കൊടുത്തുവെന്ന് സോളാർ കമ്മീഷനിൽ സരിതയുടെ വെളിപ്പെടുത്തൽ
2016 ജനുവരി 27: കോൺഗ്രസ് നേതാവ് തമ്പാനൂർ രവിയും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത്
2016 ജനുവരി 27: മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സരിത
2016 ഒക്ടോബർ അഞ്ച്: സോളാർ കമ്മീഷന്റെ കാലാവധി ആറ് മാസത്തേയ്ക്ക് ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
2017 ജനുവരി മൂന്ന്: സോളാർ കേസിൽ ബംഗളൂരു കോടതി ശിക്ഷ വിധിച്ച മറ്റ് മൂന്നു പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ബംഗളൂരു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉമ്മൻചാണ്ടി
2017 ജനുവരി 13: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സരിത. കമ്മീഷനിൽ നൽകിയ തെളിവുകളിൽ പകുതിയിലേറെയും ഉമ്മൻചാണ്ടിക്ക് എതിരെയാണെന്നും സരിത.
2017 ഏപ്രിൽ അഞ്ച്: 2016 ഒക്ടോബറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ ബംഗളൂരു സിറ്റി സിവിൽ കോടതി പുറപ്പെടുവിച്ച വിധി കോടതി റദ്ദാക്കി.
2017 ജൂലായ് 24: സോളാർ കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് നീട്ടി.
2017 സെപ്റ്റംബർ 26: സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് കമ്മീഷൻ അധ്യക്ഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശം.
2020 ഡിസംബർ 16- അനിൽകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
2021 ജനുവരി 24 - സോളാർ കേസ് സി.ബി.ഐക്ക്