തിരുവനന്തപുരം- ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. അടുത്ത വെളളിയാഴ്ച രാവിലെ മൂന്ന് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂര്‍ നിരാഹാരസമരം നടത്തും. ഒമ്പതാം തീയതി മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുളള ശമ്പളക്കുടിശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുളള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു.
അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശിക എന്ന് നല്‍കുമെന്ന്‌പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. ഇനിയും ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.