കൊല്‍ക്കത്ത- രാജ്യത്തിന്റെ നാലു മൂലകളിലുമായി ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അവര്‍ നിര്‍ദേശവും നല്‍കി. 'കൊല്‍ക്കത്ത ഒരു കാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു. എന്തുകൊണ്ട് കൊല്‍ക്കത്തെ വീണ്ടും രണ്ടാം തലസ്ഥാനമാക്കിക്കൂടാ? ഇന്ത്യയ്ക്ക് ഒരു തലസ്ഥാനം മാത്രം പോര. രാജ്യത്തിന്റെ നാലു മൂലകളിലും നാലു തലസ്ഥാനങ്ങള്‍ വേണം. പാര്‍ലമെന്റ് സമ്മേളനങ്ങളും നാലിടത്തുമായി നടക്കണം,' കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെ മമത ആവശ്യപ്പെട്ടു. ഒരു നേതാവ്, ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന കാഴ്ചപ്പാട് മാറ്റണമെന്നും മമത പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇത്തവണ നേതാജിയുടെ ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി മോഡിയുമുണ്ട്. തെരഞ്ഞെുപ്പു കാലത്ത് മാത്രം നേതാജിയുടെ ജന്മവാര്‍ഷിക ആഘോഷിക്കുന്നതിനേയും മമത വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആസുത്രണ കമ്മീഷനെ ഇല്ലാതാക്കിയതിനെതിരെയും മമത രൂക്ഷമായി പ്രതികരിച്ചു. ആസുത്രണ കമ്മീഷന്‍ നേതാജിയുടെ ആശയത്തില്‍ നിന്നുണ്ടായതാണ്. നേതാജിയോട് സ്‌നേഹമുണ്ടെങ്കിലും എന്തുകൊണ്ട് ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കിയെന്ന് മറുപടി പറയണമെന്നും മമത ആവശ്യപ്പെട്ടു.