ഹൗറ- പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ ബി.ജെ.പി,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകനുനേരെ വെടിവെച്ചതായും വടിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് മര്‍ദിച്ചതായും ബി.ജെ.പി ആരോപിച്ചു.
ഏറ്റുമുട്ടലിനിടെ, നാടന്‍ ബോംബുകള്‍ എറിഞ്ഞതും ബാലി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അക്രമികള്‍ നിരവധി ബൈക്കുകളും പോലീസ് വാഹനവും നശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ബാലി എം.എല്‍.എ ബൈഷാക്കി ഡാല്‍മിയയെ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബി.ജെ.പി, തൃണമൂല്‍ സംഘര്‍ഷത്തിനിടെ നടന്ന വെടിവെപ്പ് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അബ്ര സെന്‍ സ്ട്രീറ്റില്‍ വെച്ച് വെടിയേറ്റ പ്രവര്‍ത്തകന്‍ പ്രമോദ് ദുബെയെ ഹൗറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അക്രമങ്ങള്‍ തടയാനും പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ബി.ജെ.പിക്കാര്‍ പ്രദേശത്തെ കടകളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ പ്രതിഷേധിച്ചതാണ് സംഭവമെന്ന് പ്രാദേശിക ടി.എം.സി നേതാക്കള്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പിക്കാര്‍ ജി.ടി റോഡ് തടഞ്ഞപ്പോള്‍ തടസ്സങ്ങള്‍ നീക്കാന്‍ ടി.എം.സി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രശ്‌നമുണ്ടാക്കാന്‍ ബി.ജെ.പിക്കാര്‍ നാടന്‍ ബോംബുകള്‍ എറിഞ്ഞതായും വാഹനങ്ങള്‍ക്ക് തീയിട്ടതായും ടി.എം.സി അവകാശപ്പെട്ടു.