പട്‌ന- കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ആരോഗ്യ നില മോശമായി. വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയേക്കും. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ആര്‍ജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മകന്‍ തേജസ്വി യാദവും കുടുംബാംഗങ്ങളും റാഞ്ചിയിലുണ്ട്. ഇവരും ലാലുവിനൊപ്പം ദല്‍ഹിയിലേക്കു പോകും. ജയിലിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ ദല്‍ഹിയിലേക്കു മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ലാലുവിനെ ദല്‍ഹിയിലേക്കു മാറ്റുന്നതിന് ജയില്‍ അധികൃതര്‍ക്ക് കോടതിയില്‍ നിന്ന് അനുമതി വാങ്ങേണ്ടതുമുണ്ട്.
നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ലാലുവിന്റെ വൃക്കകള്‍ 25 ശതമാനം മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇതിനിടെ ന്യൂമോണിയയും പിടിപെട്ടിട്ടുണ്ട്. ശ്വാസമെടുക്കാനും പ്രയാസം നേരിടുന്നുണ്ടെന്ന് തേജസ്വി പറഞ്ഞു.