അഹമ്മദാബാദ്- ഹർദിക് പട്ടേലിന്റെ പേരിൽ സെക്‌സ് വീഡിയോ ഇറക്കിയതിന് പിന്നിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജിതു വഗാനിയുമാണ് ആരോപണം. പട്ടീദാർ ആന്ദോളൻ അനാമത് സമിതിയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം പച്ചക്കള്ളമാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. സൂറത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിൽഡറും മറ്റൊരാളും ചേർന്നാണ് വീഡിയോ മോർഫ് ചെയ്തതെന്നും മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമാണ് ഇതിനാവശ്യമായ സഹായങ്ങൾ നൽകിയതെന്നും അനാമത് സമിതി ആരോപിച്ചു. ഹർദികിനെ സമൂഹമധ്യത്തിൽ മോശക്കാരനാക്കി ചിത്രീകരിക്കാൻ വേണ്ടിയാണ് ബി.ജെ.പി നാണം കെട്ടി കളി കളിച്ചതെന്നും ആരോപിച്ചു.
മറ്റൊരു നാൽപത് കോടിയുടെ കരാറാണ് ഇതിന് പിന്നിലെന്നും എന്നാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ലന്നും ഹർദികിന്റെ അടുത്ത അനുയായി ബംബാനിയ കൂട്ടിച്ചേർത്തു. ഇതുപോലെയുള്ള 52 വീഡിയോകൾ വേറെയും തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്ത്യക്ക് പുറത്തുവെച്ചാണ് ഇവയുടെ നിർമാണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹർദികിന്റെ വർധിച്ചുവരുന്ന ജനപിന്തുണയിൽ അസ്വസ്ഥരായ ബി.ജെ.പിയാണ് മോർഫ് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കുന്നത്. 52 വീഡിയോകളിൽ 22 എണ്ണം ഹർദികിന്റെയും ബാക്കിയുള്ളത് പട്ടീദാർ ആന്ദോളൻ സമിതി നേതാക്കളുടെയും പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പട്ടീദാർ സമിതിയിലെ വിമതവിഭാഗമാണ് സെക്‌സ് വീഡിയോക്ക് പിന്നിലെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.