ന്യൂദല്‍ഹി- സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ നിര്‍മിക്കുന്ന രാമ ക്ഷേത്രത്തിന്റെ നിശ്ചല രൂപം ഇത്തവണ റിപബ്ലിക് ദിന പരേഡില്‍ യു പി സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ഇതോടൊപ്പം ദീപോത്സവം, രാമയണത്തിലെ വിവിധ കഥകള്‍ എന്നിവ പ്രമേയമാക്കിയുള്ള ടാബ്ലോയാണ് യുപി സര്‍ക്കാരിന്റേത്. വാല്‍മികി മഹര്‍ഷിയുടെ പ്രതിമ മുന്നിലും ശേഷം ക്ഷേത്രത്തിന്റെ രൂപവുമാണ് നല്‍കിയിരിക്കുന്നത്. അയോധ്യ ഞങ്ങളുടെ വിശുദ്ധ സ്ഥലമാണ്. രാമ ക്ഷേത്ര വിശ്വാസികളുടെ വൈകാരിക വിഷയവുമാണ്. ഈ നഗരത്തിന്റെ പുരാതന പൈതൃകമാണ് ഇതിലൂടെ പ്രദര്‍ശിപ്പിക്കുന്നത്- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാമന്റെ വേഷമണിഞ്ഞ പുരുഷനും സ്ത്രീകളുള്‍പ്പെടുന്ന നര്‍ത്തകരും ഉള്‍പ്പെടുന്ന കലാകാരന്‍മാരുടെ സംഘവും ടാബ്ലോയുടെ ഭാഗമായുണ്ട്. 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റിപബ്ലിക് ദിന ടാബ്ലോകള്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.