ന്യൂദല്‍ഹി- കര്‍ഷക സമരത്തിന്റെ ഭാഗമായി റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിക്കാനിരിക്കുന്ന വമ്പന്‍ ട്രാക്ടര്‍ റാലി അലങ്കോലപ്പെടുത്താനും നാലു കര്‍ഷക നേതാക്കളെ വധിക്കാനും പദ്ധതിയിട്ട സംഘത്തിലെ ഒരാളെ പിടികൂടിയതായി കര്‍ഷകര്‍. ജനുവരി 26ന് നടക്കുന്ന ട്രാക്ടര്‍ പരേഡിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ 10 പേരടങ്ങുന്ന സംഘത്തെയാണ് പരിശീലിപ്പിച്ചു വിട്ടിരിക്കുന്നതെന്നും ഇവരില്‍ ഒരാളാണ് തങ്ങളുടെ പിടിയിലായതെന്നും കര്‍ഷകര്‍ പറഞ്ഞു. ഇയാളെ ഹരിയാന പോലീസിനു കൈമാറി. ദല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യുവാവിനെ പിടികൂടിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ രണ്ടു മാസത്തോളമായി ഇവിടെ പ്രക്ഷോഭം നടത്തി വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി 10 തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടു പോകുന്നില്ല. നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പാക്കമെന്ന് ഒടുവില്‍ സര്‍ക്കാര്‍ ഓഫര്‍ മുന്നോട്ടു വച്ചെങ്കിലും കര്‍ഷകര്‍ അതു സ്വീകരിച്ചില്ല. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാട് മാറ്റുകയില്ലെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.