റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ 1,60,000 ലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊറോണ മഹാമാരി തീര്‍ത്ത രൂക്ഷമായ പ്രതിസന്ധിക്കിടെയും സൗദിയില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 2.9 ശതമാനം തോതില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 17.5 ലക്ഷത്തോളം സ്വദേശി ജീവനക്കാരാണുള്ളത്. 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 49,000 ഓളം പേരുടെ വര്‍ധനവുണ്ടായി.
കൊറോണ വ്യാപനം ലോകമെങ്ങും തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെങ്കിലും സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് കഴിഞ്ഞ കൊല്ലം തൊഴില്‍ ലഭിച്ചതായാണ് ഗോസി കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. വനിതാ ജീവനക്കാരുടെ എണ്ണം 7.6 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 42,400 സൗദി വനിതകള്‍ക്കു കൂടി സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചു. ഇതേസമയം 6,500 ഓളം സ്വദേശി പുരുഷന്മാര്‍ക്കു മാത്രമാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ പുതുതായി തൊഴില്‍ ലഭിച്ചത്.