ന്യൂദൽഹി- ദേശീയ സുരക്ഷയിൽ ഇത്രയധികം വിട്ടുവീഴ്ച നടത്തിയ കേന്ദ്ര സർക്കാർ നടപടി അസ്വസ്ഥാജനകമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റിൽ മൗനം തുടരുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ദേശസ്‌നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം ഇപ്പോൾ രാജ്യത്തിന് ബോധ്യമായെന്നും സോണിയ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞിട്ടും പുറത്തുവന്ന കാര്യങ്ങളിൽ സർക്കാർ നിശബ്ദ തുടരുകയാണെന്നും സോണിയ പറഞ്ഞു.