ഗ്വാളിയോര്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പേരിലുള്ള ക്ഷേത്രത്തിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തുടക്കം.. ഗോഡ്‌സെയുടെ 68ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് ക്ഷേത്രം തുറന്നത്. . ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ 1949 നവംബര്‍ 15ന് തൂക്കിലേറ്റുകയായിരുന്നു.
ഗോഡ്‌സെക്ക് ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ഹിന്ദു മഹാസഭ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കെിലും നിരസിക്കപ്പെട്ടതിനാലാണ് സ്വന്തം സ്ഥലത്ത് അതിനുള്ള നടപടികള്‍ തുടങ്ങിയതെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് നാരായണ്‍ ശര്‍മ പറഞ്ഞു.
ക്ഷേത്രം തങ്ങളുടെ സ്വകാര്യ സ്ഥലത്താണ് പണിയുന്നതെന്നും ആര്‍ക്കും തങ്ങളുടെ അഭിപ്രായത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ശര്‍മ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെ കുറിച്ചും പുതുതലമുറയെ പഠിപ്പിക്കുക എന്നതാണ് ഗോഡ്‌സെ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. യുവാക്കള്‍ക്ക് ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് വ്യക്തമായ അറിവില്ല. നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ഷേത്രനിര്‍മാണത്തിന് തങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നാഥുറാം ഗോഡ്‌സെ അടിയുറച്ച ഹിന്ദുവായിരുന്നുവെന്നും വിഭജന സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിച്ചുവീഴുന്നത് കണ്ടു നില്‍ക്കാന്‍ അദ്ദേഹത്തിന് കകഴിയാത്തതിനാലാണ് ഗാന്ധിയെ വധിച്ചുതെന്നും ശര്‍മ പറഞ്ഞു.
1947 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയാണെന്ന് മഹാത്മാ ഗാന്ധിയെ അറിയിച്ചതോടെയാണ് ഇന്ത്യാ വിഭജനമെന്ന ചര്‍ച്ച ഉയര്‍ന്നു വന്നത്. അന്ന് അഖില ഹിന്ദു മഹാസഭ ഇതിനെതിരെ ശക്തമായി രംഗത്തവന്നിരുന്നു. താന്‍ മരിച്ചാലല്ലാതെ വിഭജനം അനുവദിക്കില്ലെന്ന് ഗാന്ധിജിയും നിലപാടെടുത്തു. എന്നാല്‍ നെഹ്‌റുവിനും മുഹമ്മദലി ജിന്നക്കും പ്രധാനമന്ത്രിമാരാകണമായിരുന്നു. പിന്നീട് ഗാന്ധിജിയും വിഭജനത്തിനു കൂട്ടുനിന്നു- ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു.