ചെന്നൈ- രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന് മാപ്പു നല്‍കി മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ നാലു ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മോചനം ആവശ്യപ്പെട്ടുള്ള പേരളറിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഇന്ദു മല്‍ഹോത്രം എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ഇതു സംബന്ധിച്ച ഭരണഘടനാ പ്രകാരമുള്ള തീരുമാനം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നാണ് തനിക്കു ലഭിച്ച വിവരമെന്ന് തുശാര്‍ മേത്ത പറഞ്ഞു.
2018 സെപ്തംബര്‍ ഒമ്പതിന് സംസ്ഥാന സര്‍ക്കാര്‍ തന്റെ മോചനം ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പേരറിവാളന്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ചതില്‍ കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.