അഹമ്മദാബാദ്- റാഫേൽ വിമാനക്കരാറിലും അമിത് ഷായുടെ മകൻ ജയ്ഷായുടെ അഴിമതി കേസിലും മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൊട്ട്. റാഫേൽ വിമാന ഉടമ്പടി ഒരു ബിസിനസുകാരന് വേണ്ടി മാറ്റിമറിച്ചതിന്റെ പൂർണ ഉത്തരവാദിത്തം മോഡിക്കാണെന്നും രാഹുൽ ആരോപിച്ചു. ഗുജറാത്തിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകായിരുന്നു രാഹുൽ.
നിങ്ങൾക്ക് വേണമെങ്കിൽ എന്നോട് എത്ര ചോദ്യവും ചോദിക്കാം. എന്നാൽ റാഫേൽ വിമാനഉടമ്പടിയുമായി ബന്ധപ്പെട്ട് പോലും പ്രധാനമന്ത്രിയോട് നിങ്ങൾക്ക് എന്തുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനാകുന്നില്ല. കരാർ മുഴുവനും ഒരു വ്യവസായിക്ക് വേണ്ടിയാണ് മോഡി മാറ്റിയത്. പക്ഷെ, അതിനെ പറ്റി ഒരാളും മോഡിയോട് ചോദിക്കുന്നില്ല. അമിത് ഷായുടെ മകന്റെ പേരിലുള്ള അഴിമതി ആരോപണത്തിന്റെ സ്ഥിതിയും ഇതാണ്. ഈ ചോദ്യങ്ങളാണ് എനിക്ക് നിങ്ങൾക്ക് മുന്നിൽ ഉയർത്താനുള്ളത്- രാഹുൽ പറഞ്ഞു.
വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽനിന്നും 36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ റിലയൻസിന് വേണ്ടി കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. 36 വിമാനങ്ങളിൽ പകുതി ഇന്ത്യയിൽനിർമ്മിക്കണം എന്നായിരുന്നു ഫ്രാൻസുമായി മൻമോഹൻ സിംഗുണ്ടാക്കിയ കരാർ. എന്നാൽ 36 ജെറ്റ് വിമാനങ്ങളും ഫ്രാൻസിൽനിന്ന് വാങ്ങുന്നതിനുള്ള കരാറിലാണ് മോഡി ഒപ്പിട്ടത്. ഈ കരാർ പുതുക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഈ കമ്പനി എത്രവർഷമുണ്ടാകും തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കേന്ദ്രസർക്കാർ മറുപടിയും നൽകിയിട്ടില്ല. എന്നാൽ അഗസ്റ്റ് വെസ്റ്റ്‌ലാന്റ് കേസിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത് എന്നാണ് ബി.ജെ.പിയുടെ ആരോപണം.