ന്യൂദല്‍ഹി- 58 ദിവസം പിന്നിട്ട ദല്‍ഹി അതിര്‍ത്തിലെ കര്‍ഷക സമരം ഉടന്‍ ഒത്തുതീര്‍പ്പാകുന്നില്ല ലക്ഷണമില്ല. പത്ത് തവണയായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാടും സമരരംഗത്തുള്ള കര്‍ഷകര്‍ തള്ളിക്കളഞ്ഞു. റിപബ്ലിക്ക് ദിനത്തില്‍ വമ്പന്‍ ട്രാക്ടര്‍ റാലിയുമായി ദല്‍ഹിയിലേക്ക് പ്രവേശിക്കാനുള്ള കര്‍ഷകരുടെ നീക്കം തടയാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന അനുനയ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ വിവാദത്തിലായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും മിനിം താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയൊരു നിയമം കൊണ്ടു വരികയും ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാട് കര്‍ഷകര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതോടെ വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കര്‍ഷകര്‍ പ്രതികരിച്ചതുമില്ല. ഇന്ന് സമര കേന്ദ്രമായ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം തള്ളിക്കളയാന്‍ തീരുമാനിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക തന്നെ വേണമെന്ന് അവര്‍ ആവര്‍ത്തിച്ചു.
റിപബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പദ്ധതിയിട്ടതും പോലെ നടക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. റാലി സംഘടിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന പോലീസിന്റെ അപേക്ഷയും കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ട്രാക്ടര്‍ റാലി സര്‍ക്കാരിനെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പോലീസിന്റെ വിഷയമാണെന്നും കോടതി ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേന്ദ്രം ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു.