ന്യൂദൽഹി- ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നെഹ്‌റു കോളേജ് ചെയർമാൻ പി.കെ കൃഷ്ണദാസിന് തിരിച്ചടി. കേരളത്തിലേക്കുള്ള തന്റെ പ്രവേശനവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണദാസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നും വനവാസത്തിനല്ല കൃഷ്ണദാസിനെ അയച്ചതെന്നും അയൽസംസ്ഥാനത്തേക്കാണെന്നും കോടതി പറഞ്ഞു. വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടു. ഷാഹിർ ഷൗക്കത്തലി കേസിലാണ് സുപ്രീം കോടതിയുടെ വിധി.
അതേസമയം, ജിഷ്ണു പ്രണോയ് കേസിൽ സി.ബി.ഐക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉയർത്തിയത്. ഒരു കാരണവുമില്ലാതെ കേസ് സി.ബി.ഐക്ക് വിടണമെന്ന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാമെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐക്ക് സമർപ്പിക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിലെ അവലോകന റിപ്പോർട്ട് നാളെ തന്നെ സമർപ്പിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.