Sorry, you need to enable JavaScript to visit this website.

ട്രംപ് കൊണ്ടുവന്ന അമേരിക്കയിലെ പൗരത്വ പട്ടിക പ്രസിഡന്റ് ബൈഡന്‍ റദ്ദാക്കി

വാഷിങ്ടന്‍- ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന വിവാദ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) എന്നിവ പോലെ അമേരിക്കയില്‍ പൗരത്വ പട്ടിക തയാറാക്കാനുള്ള മുന്‍പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ തീരുമാനം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. അധികാരമേറ്റ ആദ്യ ദിവസം പ്രസിഡന്റ് ഒപ്പുവച്ച 17 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒന്ന് പൗരത്വ പട്ടിക സംബന്ധിച്ചുള്ളതായിരുന്നു. യുഎസ് സെന്‍സസ് കണക്കെടുപ്പില്‍ നിന്ന് പൗരത്വമില്ലാത്തവരെ ഒഴിവാക്കുന്നതായിരുന്നു ട്രംപിന്റെ നിയമം. ഇത് പിന്‍വലിച്ചതോടെ പൗരന്മാരുടെ പട്ടിക പ്രത്യേകമായി ഇനി യുഎസ് സൂക്ഷിക്കില്ല. രാജ്യത്ത് താമസിക്കുന്നവരില്‍ എത്രപേരാണ് പൗരന്മാര്‍ എന്നതിനും പ്രത്യേക കണക്കുകളൊന്നും സൂക്ഷിക്കുകയുമില്ല.

താമസക്കാര്‍ എന്നതിലുപരിയായി പൗരന്മാരെ മാത്രം എണ്ണിത്തിട്ടപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇങ്ങനെ എടുക്കുന്ന പൗരത്വ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇന്ത്യയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും ഉയര്‍ത്തിതിനു സമാനമാണ് യുഎസിലും ഉയര്‍ന്നുവന്ന ആശങ്ക. മോഡി സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ന്യൂനപക്ഷെ സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ ഉന്നമിടാന്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു ആശങ്ക.

സെന്‍സസ് ചോദ്യാവലിയില്‍ പൗരത്വ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയ ട്രംപ് സര്‍ക്കാരിന്റെ നടപടിയെ നേരത്തെ യുഎസ് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഇതിനു സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കി കോടതി തള്ളുകയും ചെയ്തതാണ്. സര്‍ക്കാര്‍ വ്യക്തമായ ഒരു മറുപടി നല്‍കുന്നതുവരെ ഇതു നടപ്പാക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. രണ്ടാം ലോക യുദ്ധകാലത്ത് ജാപനീസ്-അമേരിക്കക്കാരെ കൂട്ടമായി പിടികൂടി തടങ്കലിലിടാന്‍ സെന്‍സസ് വിവരങ്ങള്‍ ഭരണകൂടം ഉപയോഗിച്ചതായുള്ള ചരിത്ര പശ്ചാത്തലം കൂടി അന്ന് അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
 

Latest News