കൊണ്ടോട്ടി- സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദത്തിലായ കോളേജ് വിദ്യാര്‍ഥിനിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് റിമാന്‍ഡില്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ബിസ്മില്ലഖാന്‍ (32) ആണ് പിടിയിലായത്. കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
മൂന്ന് മാസം മുന്‍പ് ഷെയര്‍ ചാറ്റിലൂടെയാണ് വിദ്യാര്‍ഥിനി ബിസ്മില്ലാഖാനുമായി സൗഹൃദത്തിലായത്. സൗഹൃദം മുതലെടുത്ത യുവാവ് വിദ്യാര്‍ഥിനിയെ ഇടുക്കി മുണ്ടക്കയത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവതിയില്‍ നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണവും 20,000 രൂപയും കൈക്കലാക്കുകയും ചെയ്തു. കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് മുണ്ടക്കയം പോലീസിന് കൈമാറുമെന്ന് ഇന്‍സ്പെക്ടര്‍ കെ.എം. ബിജു പറഞ്ഞു.