ലണ്ടന്‍- ജനുവരി 26ന് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന ലണ്ടന്‍-കൊച്ചി വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി. ഇതോടെ കൊച്ചിയില്‍നിന്നും ലണ്ടനിലേക്കും തിരിച്ചു നാട്ടിലേക്കുമുള്ള സര്‍വീസുകളില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ നിരാശരായി. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്റെ ഒന്‍പതാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഈ മാസം 26, 28, 30 എന്നിങ്ങനെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഫ്‌ലൈറ്റുകള്‍. റിപ്പബ്ലിക് ദിനത്തില്‍ ലണ്ടന്‍-കൊച്ചി വിമാനയാത്ര പുനരാരംഭിക്കുന്ന കാര്യം നേരത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലണ്ടനിലേക്ക് യത്രാ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കൊച്ചിയില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങുന്നതുവരെ കാത്തിരിക്കുകയോ, ദഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളെ ആശ്രയിക്കുകയോ ചെയ്യണം.
വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ ഓഗസ്റ്റ് മുതലാണ് കൊച്ചയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങിയത്. കോവിഡ് കാലത്ത് മലയാളികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലെത്തുന്നതിന് ഈ സര്‍വീസുകള്‍ ഏറെ സഹായകമായിരുന്നു. കേരളത്തില്‍നിന്ന് ബ്രിട്ടനിലേക്ക് പുതിയതായി ജോലിക്ക് എത്തുന്നവരും ഈ വിമാനസര്‍വീസുകളെയാണ് ആശ്രയിച്ചിരുന്നത്. യുകെയില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി എട്ടുവരെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതോടെയാണ് ലണ്ടന്‍-കൊച്ചി വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്.