ന്യൂദല്‍ഹി- തടവിലിടാന്‍ തീരുമാനിക്കുന്നതിനുമുമ്പ് ജാമ്യം അനുവദിക്കുന്ന കാര്യം എന്തുകൊണ്ട് കോടതികള്‍ പരിശോധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം.
ജാമ്യം അനുവദിക്കുകയെന്ന തത്വം കോടതികള്‍ പിന്തുടരാത്തതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റേയും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടേയും കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്റ്റാന്‍ഡപ്പ് കോമഡി അവതരിപ്പിക്കുന്നതിനിടെയാണ് ഹിന്ദു ദേവതകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മുനവ്വര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. ഉയര്‍ന്ന ജാതിക്കാര്‍ ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ട ഹാഥ്‌റാസിലെ 19 കാരി ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിന് മറ്റു മൂന്നു പേരോടൊപ്പം അറസ്റ്റ് ചെയ്തത്.
ജേണലിസ്റ്റ് സിദ്ദീഖ് കാപ്പനും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും എന്തു കൊണ്ട് കോടതികള്‍ ജാമ്യം അനുവദിക്കുന്നില്ലെന്ന് ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
നിയമതത്വങ്ങള്‍ തുല്യമായി പ്രയോഗവല്‍ക്കരിക്കുമ്പോഴും നീതിക്ക് തുല്യ അവസരം ലഭിക്കുമ്പോഴുമാണ് സമത്വം അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.