ന്യൂദല്‍ഹി- തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും അദാനി ഗ്രൂപ്പിനു കൈമാറിയതിനെതിരേ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നു കേരളം. സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പ്രത്യേക അപേക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു കേസുകളിലുള്ള നടപടികള്‍ നീണ്ടാല്‍ ഈ ഹരജി പരിഗണിക്കുന്നത് മാറിപ്പോകുമോയെന്ന സംശയത്തിലാണ് ഈ നീക്കം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജി കേരളാ ഹൈക്കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ മാസം പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മാറിപ്പോകുകയായിരുന്നു.