Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി മലിനീകരണം തടയാൻ ഒരുമിച്ചു  പ്രവർത്തിക്കുമെന്ന് കെജ്‌രിവാളും ഖട്ടറും

ചണ്ഡീഗഢിൽ കൂടിക്കാഴ്ചക്കെത്തിയ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ സ്വീകരിക്കുന്നു.

ന്യൂദൽഹി- അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദൽഹിയിലും പരിസര പ്രദേശങ്ങളിലും അടുത്ത വർഷം ഇതേ സ്ഥിതി ആവർത്തിക്കാൻ ഇടവരുത്തില്ലെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും പ്രതിജ്ഞയെടുത്തു. 
തങ്ങൾ വിചാരിച്ചാൽ കാറ്റിന്റെ ഗതി തിരിച്ചു വിടാനാകില്ല. എന്നാൽ വായു മലിനീകരണം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി. 
ഇന്നലെ ചണ്ഡീഗഢിൽ ഖട്ടറിന്റെ വസതിയിലെത്തിയ കെജ്‌രിവാൾ 90 മിനിറ്റ് കൂടിക്കാഴ്ച നടത്തി. വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു. ദൽഹിയേയും പരിസര പ്രദേശങ്ങളെയും ശ്വാസം മുട്ടിച്ച പുകമഞ്ഞിനെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ചു. 2018 ൽ ഇതേ അവസ്ഥ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് പ്രതിജ്ഞ ചെയ്തതായും ഇരു മുഖ്യമന്ത്രിമാരും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 
ചർച്ചയിൽ പുകമഞ്ഞ് മൂലം ഉണ്ടാകുന്ന കടുത്ത ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് കർശന നടപടിയെടുക്കാൻ തീരുമാനമായി. കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നത് തടയാൻ സംയുക്തമായി കൂടിയാലോചിച്ച് മതിയായ നടപടികളെടുക്കും. ഭാവിയിൽ ജല, വായു മലിനീകരണം തടയുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും പങ്കുചേരുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ചണ്ഡീഗഢിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഇരു മുഖ്യമന്ത്രിമാരും തയാറായില്ല. 
ദൽഹി പരിസ്ഥിതി മന്ത്രി ഇമ്രാൻ ഹുസൈൻ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി കേശവ് ചന്ദ്ര എന്നിവർക്കൊപ്പമാണ് കെജ്‌രിവാൾ ഖട്ടറിനെ കാണാനെത്തിയത്. കൂടിക്കാഴ്ചക്ക് ആഗ്രഹം പ്രകടിപ്പിച്ച് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനു കത്തെഴുതിയിരുന്നെങ്കിലും അദ്ദേഹം നിരസിച്ചു. അതീവ ഗൗരവമുള്ള ഒരു വിഷയത്തെ കെജ്‌രിവാൾ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശം. 
അന്തരീക്ഷ മലിനീകരണം മൂലം ശ്വാസം മുട്ടുന്ന ദൽഹിയിൽ വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെന്നു കോടതി ഉൾപ്പെടെ വിമർശിക്കുമ്പോൾ കെജ്‌രിവാൾ സർക്കാരിനു തിരിച്ചടിയായി വിവരാവകാശ രേഖ പുറത്തായി. പരിസ്ഥിതി സെസ് വഴി സ്വരൂപിച്ച 787 കോടി രൂപയിൽ ഏതാനും ലക്ഷങ്ങൾ മാത്രമാണ് ദൽഹി സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നാണു വിവരാവകാശ രേഖയിൽ വ്യക്തമാകുന്നത്. 
2015 ൽ ആം ആദ്മി പാർട്ടി അധികാരം ഏറ്റതു മുതൽ പരിസ്ഥിതി സെസിൽനിന്നു ലഭിച്ച തുകയിൽ 93 ലക്ഷം മാത്രമാണു ചെലവഴിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയുടെ 0.12 ശതമാനം മാത്രമാണിത്. വിവരാവകാശ പ്രവർത്തകനായ സഞ്ജീവ് ജയിനാണ് ഈ വിവരം ശേഖരിച്ചു പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, പരിസ്ഥിതി സെസിൽനിന്നു ലഭിച്ച തുക വൈദ്യുത ബസുകൾ വാങ്ങാൻ ഉപയോഗിക്കുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്. 
മലിനീകരണം രൂക്ഷമായതോടെ ദൽഹിയിൽ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ പുതിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാനാണ് പുതിയ പദ്ധതി. 2020 ൽ അവതരിപ്പിക്കാനിരുന്ന ബിഎസ് 6 ഇന്ധനമാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത വർഷം തന്നെ പുറത്തിറക്കാനൊരുങ്ങുന്നത്. ഇതിനായി കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു. 

 


 

Latest News