വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊനള്‍ഡ് ട്രംപ് അധികാരത്തില്‍ നിന്നിറങ്ങിയ ശേഷം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായി റിപോര്‍ട്ട്. ഇതു സംബന്ധിച്ച് അദ്ദേഹം തന്റെ അടുപ്പക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ വിട്ടാലും തന്റെ സ്വാധീനം നിലനിര്‍ത്താനാണ് ട്രംപിന്റെ ശ്രമം. 'പാട്രിയറ്റ് പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിക്ക് ട്രംപ് പേരു നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു. ജനുവരി ആറിന് യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി ട്രംപ് അനുകൂലികള്‍ കലാപം സൃഷ്ടിച്ചതോടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ട്രംപ് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. സെനറ്റിലെ റിപബ്ലിക്കന്‍ നേതാവായ മിച് മക്കന്നല്‍ ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
റിപബ്ലിക്കന്‍ പാര്‍ട്ടി വോട്ടുകളില്‍ ട്രംപിന് ശക്തമായ പിന്തുണ ഇപ്പോഴുമുണ്ടെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ ഉണ്ടായിരുന്നു. പുതിയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഈ വോട്ടുകള്‍ ചോര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ അത് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ക്ഷീണമാകും. റിപബ്ലിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത വലിയ അനുയായി വൃന്ദവും ട്രംപിനുണ്ട്.
ദ്വികക്ഷി രാഷ്ട്രീയം നിലനില്‍ക്കുന്ന യുഎസില്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് സാധ്യത വളരെ കുറവാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇത്തരമൊരു കക്ഷിക്ക് വലിയ റോളുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ശക്തമായ എതിര്‍പ്പും നേരിടേണ്ടി വരുമെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടില്‍ പറയുന്നു.