വാഷിങ്ടണ്‍- ഡൊനള്‍ഡ് ട്രംപ് കളഞ്ഞുകുളിച്ച അമേരിക്കയുടെ സല്‍പ്പേര് തിരിച്ചുപിടിക്കാന്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കായി ആദ്യ ദിനം തന്നെ ജോ ബൈഡന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ യുഎസിന്റെ 46ാമത് പ്രസിഡന്റായി അധികാരമേല്‍ക്കും. നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കൂറ്റന്‍മതില്‍ നിര്‍മാണവും അടക്കം അവസാനിപ്പിച്ച് വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബൈഡന്‍ നടത്താനിരിക്കുന്നത്. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും യുഎസിനെ ഉള്‍പ്പെടുത്താനും ലോകാരോഗ്യ സംഘടനയിലേക്ക് പുനപ്രവേശിക്കാനും അടക്കം 17 ഉത്തരവുകളിലാണ് പ്രസിഡന്റ് ബൈഡന്‍ ഒപ്പുവയ്ക്കാനിരിക്കുന്നത്. പരിസ്ഥിതി, കോവിഡ് പോരാട്ടം, സാമ്പത്തിക ഉത്തേജനം, കുടിയേറ്റം എന്നീ മേഖലകളിലായാണ് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുകയെന്ന് ബൈഡന്‍ വൃത്തങ്ങള്‍ പറയുന്നു.
കുടിയേറ്റ നയം പൊളിച്ചെഴുതുന്നതിനുള്ള ബില്ലും ബൈഡന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ട്രംപ് ഭരണകൂടം പൗരത്വം നിഷേധിച്ച നിരവധി കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിലേക്കുള്ള വഴി തുറക്കുന്നതായിരിക്കുമിത്.