ബെംഗളുരു- വീട്ടില്‍ തര്‍ക്കവും മര്‍ദനവും പതിവാക്കിയതിന് അച്ഛന്‍ സ്വന്തം മകനെ കൊട്ടേഷന്‍ സംഘത്തെ വിട്ട് കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം. 44കാരനായ കേശവ് പ്രസാദാണ് ടെക്കിയായ തന്റെ മൂത്ത മകന്‍ കൗശാലിനെ മൂന്ന് ലക്ഷം രൂപ ചെലവിട്ട് വാടക ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കൗശലിന്റെ 17കാരനായ സഹോദരനും കൊലപാതകത്തില്‍ അച്ഛനെ സഹായിക്കാനുണ്ടായിരുന്നു. വിഷ്ണു, നവീന്‍, ഗജ എന്നീ പ്രതികളേയും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു കൗശല്‍. ഈസ്റ്റ് ബെംഗളുരുവിലെ കെആര്‍ പുരത്ത് തടാകത്തിനു സമീപം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകം പുറത്തറിയുന്നത്.
ജനുവരി 12നാണ് വഴിയാത്രക്കാര്‍ ഇവ കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് കൈ ഒരു ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തടാകത്തിനു സമീപ പ്രദേശത്തു നിന്നു തലയും കാലുകളും വ്യത്യസ്ത ചാക്കുകളില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ തലയുടെ ചിത്രം പോലീസ് കാണാതവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ബ്യൂറോയ്ക്ക് കൈമാറി. കൗശലിനെ കൊന്ന ശേഷം അച്ഛന്‍ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അങ്ങനെയാണ് കണ്ടെത്തിയ മൃതദേഹം കൗശലിന്റേതാകാമെന്ന് പോലീസ് സംശയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടത് കൗശല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കുടുംബത്തിനു കൈമാറിയ ശേഷം അച്ഛന്റേയും സഹോദരന്റെയും പെരുമാറ്റത്തിലെ അസ്വാഭിവകതയും പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കൗശല്‍ മദ്യത്തിനടിമയായിരുന്നുവെന്നും നിരന്തരം തന്നെ മര്‍ദിച്ചിരുന്നതായും അച്ഛന്‍ കേശവ് പോലീസിനോട് പറഞ്ഞു. മര്‍ദനം സഹിക്കാനാവാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനായി പണം നല്‍കി വാടക ഗുണ്ടകളെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇവര്‍ തയാറാക്കിയ പദ്ധതി പ്രകാരം കൗശലിനെ സഹോദരന്‍ ഒരു വെള്ളമടി പാര്‍ട്ടിക്കെന്ന പേരില്‍ വിളിച്ചു വരുത്തിയാണ് കൊല നടത്തിയത്. വിഷ്ണു, നവീന്‍ എന്നിവര്‍ക്കൊപ്പം കാറില്‍ പോകുന്നതിനിടെ വഴിയില്‍ നിന്ന് മദ്യപിക്കുകയും പിന്നീട് തുടര്‍ യാത്രയ്ക്കിടെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം കഷണങ്ങളാക്കി വെട്ടിമുറിച്ച് ചാക്കുകള്‍ കെട്ടി തടാക പരിസരത്ത് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനു ശേഷം സഹോദരനും അച്ചന്‍ കേശവും കൗശലിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്ന പോലെ അഭിനയിക്കുകയായിരുന്നു.