അമരാവതി- ആന്ധ്രപ്രദേശില്‍ സര്‍ക്കാരിന്റെ നിര്‍മാണ പദ്ധതികള്‍ക്ക് ആവശ്യമായ സിമന്റ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടുംബത്തിന്റെ കമ്പനിയില്‍ നിന്ന് വാങ്ങിയതിനെ ചൊല്ലി പുതിയ വിവാദം. ഈ സാമ്പത്തിക വര്‍ഷം ആദ്യ 10 മാസവും സര്‍ക്കാരിന്റെ സിമന്റ് പര്‍ചേസ് ഓര്‍ഡറുകള്‍ ലഭിച്ചത് ജഗന്റെ കുടുംബത്തിന് 49 ശതമാനം ഓഹരി പങ്കാളിച്ചമുള്ള ഭാരതി സിമന്റ് കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ജഗന്റെ ഭാര്യ വൈ. എസ് ഭാരതി ഈ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്. സര്‍ക്കാര്‍ വാങ്ങിയ മൊത്തം സിമന്റിന്റെ 14 ശതമാനം, അതായത് 2,28,370.14 മെട്രിക് ടണ്‍ ആണ് ഭാരതിയില്‍ നിന്ന് മാത്രമായി വാങ്ങിയത്. ഫ്രഞ്ച് കമ്പനിയായ വികാറ്റ് 2010ല്‍ ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഭാരതി സിമന്റില്‍ നേരത്തെ 95.32 കോടി നിക്ഷേപിച്ച ഇന്ത്യാ സിമന്റ്‌സ് ലിമിറ്റഡില്‍ നിന്ന് 1,59,753.70 മെട്രിക് ടണ്‍ സിമന്റും ഈ വര്‍ഷം സര്‍ക്കാര്‍ വാങ്ങി. ഭാരതി സിമന്റിന്റെ ഭൂരിപക്ഷ ഓഹരി ഫ്രഞ്ച് കമ്പനി വാങ്ങിയ വര്‍ഷം തന്നെ ഇന്ത്യാ സമിന്റും തങ്ങളുടെ ഓഹരി വിറ്റിരുന്നു.
ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ നിലവിലുള്ള അഴിമതിക്കേസില്‍ ഇന്ത്യാ സിമന്റ് എംഡി എന്‍ ശ്രീനിവാസനേയും സിബിഐ പ്രതിചേര്‍ത്തിരുന്നു. കേസില്‍ 2014 വരെ സിബിഐ സമര്‍പ്പിച്ച 11 കുറ്റപത്രങ്ങളില്‍ ആര്‍, ഏഴ്, എട്ട് കുറ്റപത്രങ്ങള്‍ സിമന്റ് കമ്പനികളുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളെക്കുറിച്ചാണ് പറയുന്നത്. ഡാല്‍മിയ സിമന്റ്, ഇന്ത്യാ സിമന്റ്‌സ്, രഘുറാം സിമന്റ്‌സ് (ഭാരതി സിമന്റിന്റെ ആദ്യ പേര്), പെന്ന സിമന്റ് എന്നീ കമ്പനികളുടെ ഇടപാടുകളെ കുറിച്ചാണിത്. പെന്നാ സിമന്റില്‍ നിന്നും സര്‍ക്കാര്‍ വാങ്ങിയത് 1,50,325.02 മെട്രിക് ടണ്‍ സിമന്റാണ്. 2020 ഏപ്രിലിനും 2021 ജനുവരിക്കുമിടയില്‍ സര്‍ക്കാര്‍ വാങ്ങിയ സിമന്റിന്റെ മൂന്നിലൊന്നും ഈ മൂന്ന് കമ്പനികളില്‍ നിന്നാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം സിമന്റ് വിതരണം ചെയ്യുന്ന കമ്പനികള്‍ ഇവ മാത്രമായത് കൊണ്ടാണ് ഈ കമ്പനികള്‍ക്ക് പര്‍ചേസ് ഓര്‍ഡറിന്റെ വലിയൊരു ഭാഗവും ലഭിച്ചതെന്ന് ആന്ധ്ര വ്യവസായ മന്ത്രി എം ഗൗതം റെഡ്ഡി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സിമന്റ് വിതരണം ചെയ്തിട്ടുണ്ടെന്ന് ഭാരതി സിമന്റ് ഡയറക്ടര്‍ എം രവീന്ദര്‍ റെഡ്ഡി പറയുന്നു.