ഗുവാഹത്തി- കേരളത്തിനും പശ്ചിമ ബംഗാളിനുമൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അസമില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആറു പാര്‍ട്ടികളുടെ മഹാസഖ്യം രൂപീകരിച്ചു. നാളുകളായി നീണ്ടു നിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് എ.ഐ.യു.ഡി.എഫിനേയും ഇടതു പാര്‍ട്ടികളേയും കൂടെ കൂട്ടിയാണ് പുതിയ സഖ്യത്തിന് അന്തിമ രൂപം നല്‍കിയത്. സിപിഐ, സിപിഐഎം, സിപിഐഎംഎല്‍, അഞ്ചലിക് ഗണ മോര്‍ച്ച എന്നിവരാണ് സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി വര്‍ഗീയ കക്ഷികളെ പുറത്താക്കുന്നതിനു സമാന മനസ്‌ക്കരായ എല്ലാ പാര്‍ട്ടികളേയും ഒരുമിച്ചുകൂട്ടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭുപേഷ് ബഗെല്‍, ജനറല്‍ സെക്രട്ടറിമാരായ മുകള്‍ വാസ്‌നിക്, ജിതേന്ദ്ര സിങ് എന്നിവരും വിവിധ പാര്‍ട്ടി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രമുഖ അത്തര്‍ വ്യാപാരി ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സഖ്യം ഉണ്ടാകുമോ എന്നു ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍.
ബിജെപിയെ പുറത്താക്കാന്‍ ഒന്നിച്ചു പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അസമിലെ മറ്റു പ്രാദേശിക, ബിജെപി വിരുദ്ധ പാര്‍ട്ടിള്‍ക്കും സഖ്യത്തിലേക്കു കടന്നുവരാം- മുകുള്‍ വാസ്‌നിക് പറഞ്ഞു. അതേസമയം മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.