ന്യൂദല്‍ഹി- യൂസര്‍മാരുടെ വിവരങ്ങള്‍ ഫെയ്ബുക്കുമായി പങ്കുവയ്ക്കുന്ന പുതിയ വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഇന്ത്യയില്‍ നടപ്പാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം വാട്‌സാപ്പ് സി.ഇ.ഒ വില്‍ കാത്കാര്‍ട്ടിനു കത്തെഴുതി. യൂസര്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ വാട്‌സാപ്പിനും മറ്റു ഫെയ്‌സ്ബുക്ക് കമ്പനികള്‍ക്കും സൗകര്യമൊരുക്കുന്നതാണ് ഈ പ്രൈവസി പോളിസിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സംഭാഷണങ്ങളുടെ ദൈര്‍ഘ്യവും ആവര്‍ത്തനവും, സമയം, ഗ്രൂപ്പ് പേരുകള്‍, പേമെന്റ്, ഇടപാട് വിവരങ്ങള്‍ എന്നീ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ച് അത് ഫെയ്‌സ്ബുക്ക് കമ്പനികളുമായി പങ്കുവയ്ക്കുന്നതോടെ വാട്‌സാപ്പും മറ്റു ഫെയ്‌സ്ബുക്ക് കമ്പനികളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടും. ഈ സമീപനം ഡേറ്റ പ്രൈവസി, യൂസര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ഇന്ത്യന്‍ യൂസര്‍മാരുടെ സ്വയംനിര്‍ണയാവകാശം എന്നീ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ പോന്നതാണ്. ഇന്ത്യയിലെ വാട്‌സാപ്പിന്റേയും ഫെയ്‌സ്ബുക്കിന്റേയും യൂസര്‍മാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഈ സുപ്രധാന വിവരങ്ങളുടെ ഏകീകരണം വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരന്മാരേയും വിവര സുരക്ഷാ ഭീഷണിയിലാക്കുന്നതാണെന്നും ഐടി മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പതിവിനു വിപരീതമായി ആപ്പിനുള്ളില്‍ ഒരു നോട്ടിഫിക്കേഷനായാണ് വാട്‌സാപ്പ് പുതിയ പ്രൈവസി പോളിസി ആദ്യമായി അവതരിപ്പിച്ചത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനു ശേഷം വാട്‌സാപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇത് വലിയ വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ പ്രൈവസി പോളിസി നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.